സ്വന്തം ലേഖകന്‍: ബ്രിക്‌സ് ഉച്ചകോടി പാക് പ്രശ്‌നത്തില്‍ മുക്കി, ഇന്ത്യക്കെതിരെ ചൈനീസ് മാധ്യമങ്ങളുടെ രൂക്ഷ വിമര്‍ശനം. ഗോവയില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടി പാകിസ്താനെതിരായ ഇന്ത്യയുടെ സൈനിക തന്ത്രത്തില്‍ മുങ്ങിയതായും പാകിസ്താനെതിരായ ലോകാഭിപ്രായം രൂപപ്പെടുത്താനായിരുന്നു ഇന്ത്യയുടെ ശ്രമമെന്നും മാധ്യമങ്ങള്‍ ആഞ്ഞടിക്കുന്നു.
എന്‍.എസ്.ജി അംഗത്വവും യു.എന്‍ രക്ഷാസമിതിയില്‍ സ്ഥിരം പങ്കാളിത്തവും ശക്തമായി ഉന്നയിക്കാനും വേദി ഉപയോഗിച്ചു. പാകിസ്താനെ മാത്രം ഒഴിവാക്കി മേഖലയിലുള്ള മറ്റെല്ലാ രാജ്യങ്ങളെയും ക്ഷണിച്ച ഇന്ത്യയുടെ നടപടി പാകിസ്താനെ മാറ്റിനിര്‍ത്തുന്നതായിരുന്നു എന്നും ചൈനയുടെ ദേശീയ മാധ്യമമായ ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഉറി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്ലാമാബാദിലെ സാര്‍ക് ഉച്ചകോടിയില്‍ പങ്കെടുക്കില്ലെന്ന് ഇന്ത്യ പ്രഖ്യാപിച്ചത്, പാകിസ്താനുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള അവസരമാണ് നഷ്ടപ്പെടുത്തിയത്. സാര്‍ക്ക് ഉച്ചകോടി ബഹിഷ്‌കരിച്ച ഇന്ത്യ, മേഖലയില്‍ നിന്നും പാകിസ്താന്‍ ഒഴികെയുള്ള രാജ്യങ്ങളെ ബ്രിക്‌സിലേക്ക് ക്ഷണിക്കുകയും ചെയ്തു.
ഗോവ സമ്മേളനത്തില്‍ ഇന്ത്യയെ ബിംസ്റ്റികില്‍ അംഗമാക്കി എന്നതൊഴികെ മറ്റൊരു വ്യത്യസവും മറ്റ് ബ്രിക്‌സ് ഉച്ചകോടിക്കില്ല. ബ്രിക്‌സ് അംഗങ്ങളില്‍ ആരും തന്നെ ഇന്ത്യപാക് സംഘര്‍ഷത്തില്‍ ഒരു ഭാഗവും ചേര്‍ന്ന് സംസാരിച്ചിട്ടില്ല. ഇന്ത്യക്കാകട്ടെ ഉച്ചകോടിയില്‍ അജണ്ട നിശ്ചയിക്കാനുള്ള അധികാരമുപയോഗിച്ച് പാകിസ്താനുമേല്‍ അവരുടെ നിലപാട് ഉറപ്പിക്കാന്‍ കഴിഞ്ഞതായും മാധ്യമങ്ങള്‍ ആരോപിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല