സ്വന്തം ലേഖകന്‍: ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിണം എന്ന് വീണ്ടും ശിവസേന, ഒപ്പം ഏകീകൃത സിവില്‍കോഡിനും ആവശ്യമുയരുന്നു. ശിവസേന മേധാവി ഉദ്ധവ് താക്കറെ ദസ്സറ റാലിയില്‍ പ്രസംഗിയ്ക്കുന്നതിനിടെയാണ് ഇക്കാര്യം ഉന്നയിച്ചത്.
ഹിന്ദു രാഷ്ട്രമാക്കുക എന്ന ആവശ്യം മാത്രമല്ല, രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കണമെന്നും ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടു. പാകിസ്താനുമായുള്ള സഹകരണത്തിന്റെ വിഷയത്തില്‍ ബിജെപിയോട് ഇടഞ്ഞു നില്‍ക്കുകയാണ് ശിവസേന ഇപ്പോള്‍.
രാജ്യത്ത് ബീഫ് നിരോധിയ്ക്കുന്നതിനെ കുറിച്ചാണ് ഇപ്പോള്‍ അവര്‍ പറയുന്നത്. അവര്‍ ആദ്യം ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിയ്ക്കണം, ഏകീകൃത സിവില്‍ കോഡ് നടപ്പാക്കണം മുംബൈ ശിവാജി പാര്‍ക്കില്‍ നടന്ന ദസ്സറ റാലിയില്‍ ഉദ്ധവിന്റെ പ്രസംഗം ഇങ്ങനെ ആയിരുന്നു.
ബിജെപിയെ ലക്ഷ്യംവച്ചായിരുന്നു ഉദ്ധവ് താക്കറെയുടെ പ്രസംഗം. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിയ്ക്കുന്നതില്‍ ബിജെപിയുടെ മെല്ലപ്പോക്കിനെ ഉദ്ധവ് വിമര്‍ശിച്ചു. പാകിസ്താനോടുള്ള മൃദു സമീപനവും വിമര്‍ശനവിധേയമായി.
അയോധ്യയില്‍ തങ്ങള്‍ രാമക്ഷേത്രം നിര്മിയ്ക്കുമെന്നാണ് ഉദ്ധവ് പിന്നീട് പറഞ്ഞത്. എന്നാല്‍ അത് എപ്പോഴായിരിയ്ക്കും എന്ന് വ്യക്തമാക്കിയില്ല. പാകിസ്താനില്‍ ചെന്ന് ഭീകരരെ തുരത്താനുള്ള ധൈര്യം ബിജെപിക്കാര്ക്കുണ്ടോ എന്നും ഉദ്ധവ് ചോദിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല