1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 3, 2024

സ്വന്തം ലേഖകൻ: ഇന്ത്യന്‍ പീനല്‍ കോഡിന് പകരമായി (ഐ.പി.സി) പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഭാരതീയ ന്യായ് സംഹിത പാസാക്കുന്നത്. പല നിയമങ്ങളിലെയും ശിക്ഷകളില്‍ ഉള്‍പ്പെടെ മാറ്റം വരുത്തിയാണ് പുതിയ വ്യവസ്ഥ പാസാക്കിയത്. എന്നാല്‍, ഇതിലെ വാഹനാപകടവുമായി ബന്ധപ്പെട്ട നിയമത്തില്‍ വരുത്തിയ മാറ്റം വലിയ പ്രതിഷേധങ്ങള്‍ക്കാണ് വഴിവെച്ചത്. ഈ നിയമത്തിലെ നിര്‍ദേശത്തില്‍ മാറ്റം ആവശ്യപ്പെട്ട് ട്രക്ക് ഡ്രൈവര്‍മാര്‍ സമരത്തിന് വരെ ആഹ്വാനം ചെയ്തിരുന്നു.

കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ പുതിയനിയമമായ ഭാരതീയന്യായ് സംഹിതയിലെ വാഹനാപകടത്തെത്തുടര്‍ന്നുള്ള മരണവുമായി ബന്ധപ്പെട്ട നിയമത്തിലെ 104-ാം വകുപ്പ് പ്രകാരം അപകടമരണം സംഭവിച്ചാല്‍ ഡ്രൈവര്‍മാര്‍ക്ക് ഏഴുവര്‍ഷംവരെ തടവും പിഴയും ലഭിക്കും. അതുപോലെ മരണത്തിനിടയാക്കുന്ന അപകടമുണ്ടായാല്‍ വിവരം ഉടന്‍ പോലീസിനെയോ മജിസ്ട്രേറ്റിനെയോ അറിയിക്കാതെ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടാല്‍ ഡ്രൈവര്‍മാര്‍ക്ക് 10 വര്‍ഷംവരെ തടവും ഏഴ് ലക്ഷം രൂപ വരെ പിഴയും ലഭിക്കാമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്.

എന്നാല്‍, വാഹനാപകടമുണ്ടാകുമ്പോള്‍ പലപ്പോഴും നിര്‍ത്താതെ പോകുന്നതും മാറിനില്‍ക്കുന്നതും അപകടത്തില്‍ പെട്ട ആളുകളെ രക്ഷിക്കാന്‍ മനസില്ലാത്തത് കൊണ്ടല്ല, മറിച്ച് അപകടസ്ഥലത്ത് ഓടികൂടുന്ന ആള്‍കൂട്ടത്തിന്റെ ആക്രമണം ഭയന്നാണെന്നാണ് ഡ്രൈവര്‍മാര്‍ അഭിപ്രായപ്പെടുന്നത്. വാഹനാപകടമുണ്ടാകുന്ന സാഹചര്യങ്ങളില്‍ ശരിതെറ്റുകള്‍ പോലും നോക്കാതെ ഡ്രൈവര്‍മാര്‍ക്കെതിരേ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ പോലും നേരിടേണ്ട സാഹചര്യമാണുള്ളതെന്നാണ് ഡ്രൈവര്‍മാര്‍ പരാതിപ്പെടുന്നത്.

പുതുതായി പാസാക്കിയ നിയമം ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന ട്രക്ക് ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വലിയ പ്രതിസന്ധിയാണെന്നാണ് ട്രക്ക് ഡ്രൈവേഴ്‌സ് അസോസിയേഷന്റെ വിലയിരുത്തല്‍. ഇതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നിര്‍ദേശത്തിനെതിരേ രാജ്യവ്യാപകമായി സമരത്തിന് ആഹ്വാനം ചെയ്തത്. എന്നാല്‍, ഈ നിയമം ഇതുവരെ പ്രാബല്യത്തില്‍ വരുത്തിയിട്ടില്ലെന്നും ഓള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഗ്രസ് പ്രതിനിധികളും അഭിപ്രായം കൂടി സ്വീകരിച്ചായിരിക്കും നടപ്പാക്കുകയെന്നുമാണ് സര്‍ക്കാര്‍ നല്‍കുന്ന ഉറപ്പ്.

വാഹനാപകട നിയമത്തില്‍ ഡ്രൈവര്‍മാരുടെ ആശങ്കയ്ക്ക് കൃത്യമായ പരിഹാരം കാണുമെന്ന യൂണിയന്‍ ഹോം സെക്രട്ടറി അജയ് ഭല്ലയുടെ ഉറപ്പിന്‍മേലാണ് ഇപ്പോള്‍ ട്രക്ക് ഡ്രൈവര്‍മാര്‍ പ്രതിഷേധം അവസാനിപ്പിച്ചത്. ഓള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഗ്രസിന്റെ അടുത്ത യോഗം ചേരുന്നത് വരെ ഈ നിയമം നടപ്പാകില്ലെന്നും ഡ്രൈവര്‍മാര്‍ക്ക് ധൈര്യമായി യാത്ര തുടരാമെന്നുമാണ് ഉദ്യോഗസ്ഥരുടെ ഉറപ്പിന്റെ പശ്ചാത്തലത്തില്‍ സംഘടന നേതാക്കള്‍ ഡ്രൈവര്‍മാര്‍ക്ക് നല്‍കിയ നിര്‍ദേശം.

അശ്രദ്ധമായി വാഹനമോടിച്ച് ഗുരുതരമായ റോഡ് അപകടങ്ങള്‍ ഉണ്ടാക്കുകയും, ഇത് പോലീസ് ഉള്‍പ്പെടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കാതെ സംഭവ സ്ഥലത്ത് നിന്നും കടന്നുകളയുകയും ചെയ്യുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ തടവും ഏഴ് ലക്ഷം രൂപ പിഴയും നല്‍കണമെന്നാണ് പുതുതായി പ്രാബല്യത്തില്‍ വരുത്തിയിട്ടുള്ള ഭാരതീയന്യായ് സംഹിതയില്‍ നിര്‍ദേശിച്ചിരിക്കുന്നത്. മുമ്പുണ്ടായിരുന്നു ഇന്ത്യന്‍ പീനല്‍ കോഡില്‍ ഇത്തരം കേസുകളില്‍ രണ്ട് വര്‍ഷം മാത്രമായിരുന്നു ശിക്ഷ നല്‍കിയിരുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.