സ്വന്തം ലേഖകൻ: വളരെ അപ്രതീക്ഷിതമായാണ് കേന്ദ്രസര്‍ക്കാര്‍ ലാപ്‌ടോപ്പുകള്‍, ടാബ്ലെറ്റുകള്‍, പേഴ്‌സണല്‍ കംപ്യൂട്ടറുകള്‍ എന്നിവയുടെ ഇറക്കുമതിക്ക് നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്. ഇത്തരം ഉപകരണങ്ങളുടെ തദ്ദേശീയ ഉല്പാദനം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്. മതിയായ ലൈസന്‍സില്ലാതെ ഒരു സ്ഥാപനത്തിനോ കമ്പനിക്കോ ഈ ഉപകരണങ്ങള്‍ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യാനാവില്ല.
മുഖ്യമായും രാജ്യത്തെ വിവിധ ഇലക്ട്രോണിക് ഉപകരണ ബ്രാന്‍ഡുകളെയാണ് ഈ നിയന്ത്രണം ബാധിക്കുക. ഡെല്‍, ഏസര്‍, സാംസങ്, എല്‍ജി, പാനസോണിക്, ആപ്പിള്‍, ലെനോവോ, എച്ച്പി തുടങ്ങിയ ഇന്ത്യയിലെ വന്‍കിട ബ്രാന്‍ഡുകള്‍ ഇന്ത്യയില്‍ വിറ്റഴിക്കുന്ന ഭൂരിഭാഗം ലാപ്‌ടോപ്പുകളും, കംപ്യൂട്ടറുകളുമെല്ലാം വിദേശത്ത് നിര്‍മിച്ച് ഇറക്കുമതി ചെയ്യുകയാണ്. ഈ സമ്പ്രദായത്തിനാണ് പുതിയ നിയന്ത്രണം തടയിടുക. ഇറക്കുമതി ചെയ്യുന്നതിന് പകരം പകരം ഇന്ത്യയില്‍ നിര്‍മിച്ച് വില്‍ക്കേണ്ടിവരും.
വിദേശത്ത് താമസിക്കുന്നവരും, ജോലി ചെയ്യുന്നവരും വിവിധ ഇലക്ട്രോണിക് ഉപകരണങ്ങള്‍ വാങ്ങി രാജ്യത്തേക്ക് കൊണ്ടുവരാറുണ്ട്. നാട്ടിലുള്ളവര്‍ക്ക് സമ്മാനിക്കുന്നതിനും മറ്റുമായി ഇങ്ങനെ ഉപകരണങ്ങള്‍ വാങ്ങി വരുന്നത് സാധാരണമാണ്. പുതിയ നിയന്ത്രണം വരുന്നതോടെ അതിന് സാധിക്കുമോ എന്ന സംശയം സ്വാഭാവികമായും ഉണ്ടാവാം.
എന്നാല്‍ പുതിയ നിയന്ത്രണങ്ങള്‍ ബാഗേജ് റൂള്‍സ് അനുസരിച്ചുള്ള ഇറക്കുമതിയെ ബാധിക്കില്ല. വിദേശത്ത് പോയി വരുന്നവര്‍ വിദേശത്ത് നിന്നും വാങ്ങി തങ്ങളുടെ ബാഗേജിനുള്ളില്‍ കൊണ്ടുവരുന്ന സാധനങ്ങള്‍ ബാഗേജ് ചട്ടങ്ങള്‍ക്ക് കീഴിലാണ് വരിക. വിദേശ യാത്രകള്‍ക്കിടെ കയ്യില്‍ കരുതാവുന്ന സാധനങ്ങള്‍ എന്തെല്ലാമാണെന്നും അതിന്റെ പരിധികളും നിശ്ചയിക്കുന്ന ചട്ടങ്ങളാണിത്. വിമാനത്താവളങ്ങളിലെയും അതിര്‍ത്തികളിലേയും കസ്റ്റംസ് പരിശോധനകള്‍ ഈ ചട്ടങ്ങളുടെ അടിസ്ഥാനത്തിലാവും.
ബാഗേജ് ചട്ടം അനുസരിച്ച് 18 വയസോ അതിന് മുകളിലോ ഉള്ള യാത്രക്കാര്‍ക്ക് തങ്ങളുടെ കയ്യില്‍ ഒരു ലാപ്‌ടോപ്പ് കംപ്യൂട്ടറോ നോട്ട് ബുക്ക് കംപ്യൂട്ടറോ ഡ്യൂട്ടി നല്‍കാതെ സൗജന്യമായി കയ്യില്‍ കരുതാനാവും. എന്നാല്‍ എണ്ണം, അളവ് കൂടുന്നതിനനുസരിച്ചും മറ്റും അധിക ഡ്യൂട്ടി നല്‍കിവേണം ഇവ കൊണ്ടുവരാന്‍.
ലാപ്‌ടോപ്പ്, ടാബ്ലെറ്റ്, ഓള്‍ ഇന്‍ വണ്‍ പേഴ്‌സണല്‍ കംപ്യൂട്ടര്‍, അള്‍ട്ര സ്മാള്‍ ഫോം ഫാക്ടര്‍ കംപ്യൂട്ടര്‍ ഉള്‍പ്പടെയുള്ളവ ഓരോന്ന് വീതം ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതില്‍ നിയന്ത്രണം ബാധകമല്ല. ആളുകള്‍ക്ക് ആവശ്യാനുസരണം ഓണ്‍ലൈന്‍ ആയി ഓര്‍ഡര്‍ ചെയ്തും വിദേശത്ത് നിന്ന് ഉപകരണങ്ങള്‍ വാങ്ങാം. എന്നാല്‍ ആവശ്യമെങ്കില്‍ ഇവയ്ക്ക് നികുതി നല്‍കേണ്ടി വരും.
റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ്, ടെസ്റ്റിങ്, ബെഞ്ച് മാര്‍ക്കിങ്, വിലയിരുത്തല്‍, അറ്റകുറ്റപ്പണികള്‍, റീ-എക്‌സ്‌പോര്‍ട്ട് തുടങ്ങിയ ആവശ്യങ്ങള്‍ക്കായി ലാപ്‌ടോപ്പും, ടാബ് ലെറ്റും, കംപ്യൂട്ടറുകളും കൊണ്ടുവരുന്നതിന് പ്രത്യേകം ലൈസന്‍സ് അനുവദിക്കും. പരമാവധി 20 എണ്ണം വരെ ഒരുമിച്ച് ഇറക്കുമതി ചെയ്യാം.
മുകളില്‍ പറഞ്ഞ ആവശ്യങ്ങള്‍ക്ക് വേണ്ടി മാത്രമേ ഇങ്ങനെ ഇറക്കുമതി ചെയ്യാനാവൂ. ഈ രീതിയില്‍ ഇറക്കുമതി ചെയ്ത് വില്‍പന നടത്താന്‍ പാടില്ല. മാത്രവുമല്ല എന്ത് ആവശ്യത്തിനാണോ അതിന് ശേഷം ഇറക്കുമതി ചെയ്തതത് അത് പൂര്‍ത്തിയായി കഴിഞ്ഞാല്‍ ഇറക്കുമതി ചെയ്ത ഉപകരണങ്ങള്‍ നശിപ്പിക്കുകയോ തിരിച്ച് കയറ്റുമതി ചെയ്യുകയോ വേണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല