സ്വന്തം ലേഖകന്‍: നികുതി യുദ്ധത്തില്‍ ട്രംപിന് ചുട്ട മറുപടി നല്‍കി ഇന്ത്യ; 29 അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഇറക്കുമതി തീരുവ കൂട്ടി. ഇന്ത്യയില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ക്ക് അമേരിക്ക നികുതി കൂട്ടിയതിനു തിരിച്ചടിയായായാണ് 29 യുഎസ് ഉല്‍പന്നങ്ങള്‍ക്ക് ഇന്ത്യ ഇറക്കുമതിത്തീരുവ ഉയര്‍ത്തിയത്. വര്‍ധന ഓഗസ്റ്റ് നാലിനു നിലവില്‍ വരും.യൂറോപ്യന്‍ യൂണിയനുമായും ചൈനയുമായും യുഎസ് ഇതേ രീതിയില്‍ ‘വ്യാപാരയുദ്ധ’ത്തിനു തുടക്കമിട്ടതോടെ അവരും അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്കു നികുതി കൂട്ടാനൊരുങ്ങുകയാണ്.
യുഎസില്‍നിന്നെത്തുന്ന കടല, പയര്‍ തുടങ്ങിയവയുടെ നികുതി ഇന്ത്യ 30 ശതമാനത്തില്‍നിന്ന് 70% ആക്കി. തുവരയ്ക്ക് 30% ആയിരുന്നതു 40% ആക്കി. തോടുള്ള ബദാം കിലോഗ്രാമിന് 100 രൂപ ആയിരുന്ന നികുതി 120 രൂപയായി വര്‍ധിപ്പിച്ചു. വാല്‍നട്ടിന് കിലോഗ്രാമിന് നികുതി 30 രൂപയില്‍ നിന്നു 120 രൂപയായി. ചിലയിനം രാസവസ്തുക്കള്‍, സ്റ്റീല്‍ ഉല്‍പന്നങ്ങള്‍, അര്‍ട്ടീമിയ ചെമ്മീന്‍ എന്നിവയ്ക്കും ഇറക്കുമതിത്തീരുവ ഉയര്‍ത്തി. 50% വരെ നികുതി ഉയര്‍ത്താന്‍ ഉദ്ദേശിക്കുന്ന 30 ഇനങ്ങളുടെ പട്ടിക ലോകവ്യാപാര സംഘടനയ്ക്ക് ഇന്ത്യ കഴിഞ്ഞയാഴ്ച സമര്‍പ്പിച്ചിരുന്നു.
പട്ടികയില്‍ 800 സിസിയിലേറെ എന്‍ജിന്‍ കപ്പാസിറ്റിയുള്ള മോട്ടോര്‍ സൈക്കിളുകളും ഉള്‍പ്പെടുത്തിയിരുന്നുവെങ്കിലും ഇന്നലെ പ്രഖ്യാപിച്ചവയുടെ കൂട്ടത്തില്‍നിന്ന് യുഎസിലെ പ്രമുഖ ബ്രാന്‍ഡ് ഹാര്‍ലി ഡേവിഡ്‌സന്‍, ബ്രിട്ടനിലെ ട്രയംഫ് എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്. ഇന്ത്യയില്‍ നിന്നുള്ള സ്റ്റീല്‍, അലുമിനിയം ഉല്‍പന്നങ്ങള്‍ക്കു മാര്‍ച്ചില്‍ യുഎസ് അധിക തീരുവ പ്രഖ്യാപിച്ചിരുന്നു. 24 കോടി ഡോളറിന്റെ അധിക നികുതിയാണു പ്രതിവര്‍ഷം ഇങ്ങനെ ഉണ്ടാവുകയെന്നതിനാല്‍ ഏതാണ്ട് അതേ തുകയ്ക്കുള്ള അധിക നികുതിയാണ് ഇന്ത്യ യുഎസ് ഉല്‍പന്നങ്ങള്‍ക്കു മേല്‍ ചുമത്തുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല