ബെയ്ജിങ്ങില്‍ ഇന്ത്യക്ക് സുവര്‍ണ മുദ്ര സമ്മാനിച്ച അഭിനവ് ബിന്ദ്ര പ്രതീക്ഷയോടെ ലണ്ടന്‍ ഒളിമ്പിക് ഗ്രാമത്തിലേക്ക് വലതുകാല്‍വെച്ച് കയറി. ഇന്ത്യയുടെ ഒളിമ്പിക് ടീമിലെ ആദ്യസംഘമാണ് ചൊവ്വാഴ്ച ഒളിമ്പിക് ഗ്രാമത്തിലെത്തിയത്. പത്തംഗ അമ്പെയ്ത്ത് ടീമും നാലംഗ ഭാരോദ്വാഹക സംഘവുമാണ് ആദ്യം ഗ്രാമത്തിലെത്തിയത്. പിന്നാലെയാണ് ബിന്ദ്ര ഇവരോടൊപ്പം ചേര്‍ന്നത്.
ഗ്രാമത്തിലെത്തിയ ഇന്ത്യന്‍ സംഘം താമസം ശരിയാക്കിയശേഷം പരിശീലനത്തിലേക്ക് തിരിയുമെന്ന് ഇന്ത്യന്‍ ടീമിന്റെ ഡപ്യൂട്ടി സംഘത്തലവന്‍ പി.കെ.മുരളീധരന്‍ രാജ പറഞ്ഞു.
കടലിനോട് ചേര്‍ന്നാണ് ഇന്ത്യന്‍ സംഘത്തിന് താമസസൗകര്യം ഒരുക്കിയിരിക്കുന്നത്. 81 താരങ്ങളും 51 ഒഫീഷ്യലുകളുമാണ് ടീമിലുള്ളത്. ഇന്ത്യന്‍ ടീം താമസിക്കുന്ന എസ്.വണ്‍ കെട്ടിടത്തില്‍ ടൈറ്റനെന്നാണ് പേര്.
ഏഴ് വളണ്ടിയര്‍മാരാണ് ഇന്ത്യന്‍ സംഘത്തിന്റെ സുഖസൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ ചുമതലപ്പെടുത്തിയിട്ടുള്ളത്. ഇന്ത്യന്‍ വംശജരായ വളണ്ടിയര്‍മാരെയാണ് ഇന്ത്യക്ക് ലഭിച്ചിരിക്കുന്നത്.
ഇന്ത്യന്‍ ടീമിനുള്ള ഔദ്യോഗിക വരവേല്‍പ്പ് ഞായറാഴ്ചയാണ് തീരുമാനിച്ചിട്ടുള്ളത്. വരവേല്‍പ്പ് മറ്റൊരു ദിവസത്തേയ്ക്ക് മാറ്റണമെന്ന് ഇന്ത്യന്‍ സംഘം ആവശ്യപ്പെട്ടിരുന്നെങ്കിലും ടീമുകള്‍ക്കുള്ള സ്വീകരണം നേരത്തെ തന്നെ തീരുമാനിച്ചതിനാല്‍ മാറ്റാനാവില്ലെന്ന് സംഘാടകര്‍ വ്യക്തമാക്കുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല