യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ ശ്രീലങ്കയ്ക്കെതിരേ യുഎസ് അവതരിപ്പിക്കുന്ന പ്രമേയത്തെ ഇന്ത്യ പിന്തുണയ്ക്കുമെന്നു പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് വ്യക്തമാക്കി. ഡിഎംകെ ഉള്‍പ്പെടെ പാര്‍ട്ടികളുടെ സമ്മര്‍ദത്തെത്തുടര്‍ന്നാണു തീരുമാനം. ശ്രീലങ്കയിലെ തമിഴ് ജനതയുടെ ഭാവിയെക്കരുതിയാണു പ്രമേയത്തെ പിന്തുണയ്ക്കുന്നതെന്നു രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ചയ്ക്കിടെ മന്‍മോഹന്‍ പറഞ്ഞു. യുദ്ധക്കുറ്റങ്ങളുടെ പേരിലാണു യൂറോപ്യന്‍ രാജ്യങ്ങളുടെ പിന്തുണയോടെ യുഎസ് പ്രമേയം.
തമിഴ് ജനതയ്ക്കു ലഭിക്കേണ്ട തുല്യത, മാന്യത, നിയമപരിരക്ഷ, ആത്മാഭിമാനം എന്നിവയ്ക്കുവേണ്ടിയാണ് ഇന്ത്യ പ്രമേയത്തെ അനുകൂലിക്കുന്നത്. എന്നാല്‍, ഇതുവരെ പ്രമേയത്തിന്‍റെ പൂര്‍ണരൂപം യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ നന്നു ലഭ്യമായിട്ടില്ല. പ്രധാനമന്ത്രിയുടെ പ്രസ്താവന ദ്രാവിഡ കക്ഷികള്‍ ആഹ്ലാദത്തോടെയാണ് സ്വീകരിച്ചത്.
പ്രമേയത്തെ അനുകൂലിക്കുന്നതിന് കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്താന്‍ 22 ന് ഡിഎംകെ തമിഴ്നാട്ടില്‍ ഏകദിന ഉപവാസം പ്രഖ്യാപിച്ചിരുന്നു. ഉപവാസം പിന്‍വലിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇന്നു നടക്കുന്ന ഉന്നതാധികാര സമിതി ചര്‍ച്ച ചെയ്യുമെന്ന് പാര്‍ട്ടിയധ്യക്ഷന്‍ എം. കരുണാനിധി.
എന്നാല്‍, പ്രധാനമന്ത്രിയുടെ പ്രഖ്യാപനം തൃപ്തികരമല്ലെന്നും നാളെ പ്രഖ്യാപിച്ചിരിക്കുന്ന ബന്ദുമായി മുന്നോട്ടു പോകുമെന്നും അണ്ണഡിഎംകെ സംസ്ഥാന സെക്രട്ടറി എ. അന്‍പഴകന്‍ അറിയിച്ചു. പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെക്കുറിച്ച് പൂര്‍ണമായി അറിയില്ലെന്നും മറ്റ് പാര്‍ട്ടി പ്രതിനിധികളുമായി ആലോചിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും സിപിഐ നേതാവ് വിശ്വനാഥന്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല