സ്വന്തം ലേഖകൻ: സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ‘ആസാദി കാ അമൃത് മഹോത്സവം’ ആഘോഷിക്കുന്ന വേളയില്‍ ത്രിവര്‍ണം ചൂടി രാജ്യം. വീടുകളിലും സ്ഥാപനങ്ങളിലും ഇന്നലെ മുതല്‍ ദേശീയപതാക ഉയര്‍ന്നുനില്‍ക്കുകയാണ്. നാളെ സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍നിന്നു രാജ്യത്തെ അഭിസംബോധന ചെയ്യും.
ചെങ്കോട്ടയില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തിയ ശേഷം രാവിലെ 7.30നു മോദിയുടെ പ്രസംഗം ആരംഭിച്ചേക്കും. പ്രസംഗം ദൂരദര്‍ശന്‍ തത്സമയം സംപ്രേക്ഷണം ചെയ്യും. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ യൂട്യൂബ് ചാനലിലും ട്വിറ്റര്‍ ഹാന്‍ഡിലിലും പ്രസംഗം സ്ട്രീം ചെയ്യും. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലും പ്രസംഗം സംപ്രേക്ഷണം ചെയ്യും. ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ പ്രസംഗത്തിന്റെ തത്സമയ അപ്ഡേറ്റുകള്‍ ലഭ്യമാകും.
2014 മുതല്‍ മോദിയുടെ തുടര്‍ച്ചയായ ഒമ്പതാം സ്വാതന്ത്ര്യദിന പ്രസംഗമാണ് ഇത്തവണത്തേത്. വന്‍ സുരക്ഷയാണു ചെങ്കോട്ടയിലും പരിസരത്തും ഒരുക്കിയിരിക്കുന്നത്. ഓരോ പ്രവേശന, പുറത്തുകടക്കല്‍ പോയിന്റിലും മുഖം തിരച്ചറിയുന്ന സംവിധാനമുള്ള ക്യാമറകള്‍ക്കൊപ്പം ബഹുതല സുരക്ഷയും ഒരുക്കിയിട്ടുണ്ട്. നാളെ പതിനായിരത്തിലധികം പൊലീസുകാരെയാണു ചെങ്കോട്ട പരിസരത്ത് വിന്യസിക്കുക. ചടങ്ങില്‍ 7,000 അതിഥികള്‍ക്കാണു പ്രവേശനം.
സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തിന്റെ സുരക്ഷാ മുന്‍കരുതലുകള്‍ കണക്കിലെടുത്തും ചെങ്കോട്ടയ്ക്കു സമീപം ഡല്‍ഹി പൊലീസ് നിരവധി ഗതാഗത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. ഇന്നലെ മുതലുള്ള നിയന്ത്രണങ്ങള്‍ നാളെ വരെ തുടരും.
അനുമതിയുള്ള വാഹനങ്ങള്‍ ഒഴികെ പല റൂട്ടുകളിലും പുലര്‍ച്ചെ നാലു മുതല്‍ രാവിലെ 10 വരെ ഗതാഗതം അനുവദിക്കില്ലെന്നു പൊലീസ് വക്താവ് അറിയിച്ചു.
‘ആസാദി കാ അമൃത് മഹോത്സവ’ത്തിന്റെ ഭാഗമായി 13 മുതല്‍ 15 വരെ കേന്ദ്രസര്‍ക്കാര്‍ ‘ഹര്‍ ഘര്‍ തിരംഗ’ കാമ്പയിന്‍ പ്രഖ്യാപിച്ചിരുന്നു. വീടുകളിലും സ്ഥാപനങ്ങളിലും 13 നു പതാക ഉയര്‍ത്തി 15 വരെ നിലനിര്‍ത്താനായിരുന്നു ആഹ്വാനം. പല സംസ്ഥാനങ്ങളിലും സര്‍ക്കാരുകള്‍ വീടുകളില്‍ പതാകകള്‍ വിതരണം ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല