സ്വന്തം ലേഖകൻ: രാജ്യം മണിപ്പൂരിലെ ജനങ്ങള്‍ക്കൊപ്പമാണ് നിലകൊള്ളുന്നതെന്ന് പ്രധാനമന്ത്രി.രാജ്യം മണിപ്പൂരിലെ ജനങ്ങള്‍ക്കൊപ്പമാണ് നിലകൊള്ളുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാനത്ത് സമാധാനം നിലനില്‍ക്കുന്നുണ്ടെന്നും സമാധാനവും സൗഹാര്‍ദവും നിലനിര്‍ത്താന്‍ എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാനത്ത് സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കാന്‍ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. 77മത് സ്വാതന്ത്ര്യദിന ആഘോഷവേളയില്‍ ചെങ്കോട്ടയില്‍ സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കുകയായിരുന്നു പ്രധാനമന്ത്രി.
രാജ്യത്ത് മഹത്തായ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നതില്‍ യുവാക്കളുടെ ശക്തിയില്‍ താന്‍ വിശ്വസിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തിലൂടെ രാജ്യത്തെ യുവാക്കള്‍ മികവുറ്റതാക്കി മുന്നോട്ടുകൊണ്ടുപോയി അത് അഭിമാനകരമാക്കിയെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം ബാലിയില്‍ നടന്ന ജി20 ഉച്ചകോടി ഓര്‍മ്മപ്പെടുത്തി ലോകത്തിലെ പ്രമുഖ വികസിത രാജ്യങ്ങളുടെ നേതാക്കള്‍ ഡിജിറ്റല്‍ ഇന്ത്യയെക്കുറിച്ച് വിശദമായി അറിയാന്‍ ആഗ്രഹിക്കുന്നുവെന്ന് മോദി പറഞ്ഞു. വലിയ മാറ്റങ്ങള്‍ ഡല്‍ഹി, മുംബൈ, ചെന്നൈ തുടങ്ങിയ നഗരങ്ങളില്‍ മാത്രമായി ഒതുങ്ങാതെ ടയര്‍-2, ടയര്‍-3 നഗരങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൊറോണയ്ക്ക് ശേഷം പുതിയ ലോകക്രമം രൂപപ്പെട്ടു. പത്താമത് സാമ്പത്തിക ശക്തിയില്‍ നിന്നും ഇന്ത്യ അഞ്ചാമതെത്തി. അടുത്ത അഞ്ചു വര്‍ഷത്തിനകം മൂന്നാമത്തെ ശക്തിയായി ഇന്ത്യ മാറും. രാജ്യത്തിന് മുന്നോട്ടുപോകാന്‍ ഭൂരിപക്ഷമുള്ള സുസ്ഥിര സര്‍ക്കാര്‍ വേണം. 2014 ലും 2019 ലും ജനങ്ങള്‍ നല്‍കിയ ഭൂരിപക്ഷമാണ് പരിഷ്‌കരണങ്ങള്‍ക്ക് ശക്തി നല്‍കിയത്. സ്ത്രീ ശക്തിയും യുവശക്തിയുമാണ് രാജ്യത്തിന്റെ പ്രതീക്ഷ. ഇന്നത്തെ തീരുമാനങ്ങള്‍ രാജ്യത്തെ ആയിരം വര്‍ഷം മുന്നോട്ടു നയിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
തന്റെ സര്‍ക്കാര്‍ ആഗോള തലത്തില്‍ ഇന്ത്യയുടെ യശസ്സ് വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നും രാജ്യം ഇപ്പോള്‍ ‘വിശ്വമിത്ര’ (ലോകത്തിന്റെ സുഹൃത്ത്) ആയി തിരിച്ചറിയപ്പെട്ടിരിക്കുകയാണെന്നും നരേന്ദ്ര മോദി പറഞ്ഞു. കോവിഡിന് ശേഷം നമ്മള്‍ ഒരു ലോകം, ഒരു ആരോഗ്യം എന്ന ആശയത്തെക്കുറിച്ചാണ് സംസാരിച്ചത്. യോഗയിലൂടെയും ആയുഷിലൂടെയും ഞങ്ങള്‍ ആഗോള ക്ഷേമത്തിന് സംഭാവന നല്‍കി. ആഗോളതാപനത്തെക്കുറിച്ച് സംസാരിക്കുകയും അതിനെ എങ്ങനെ ചെറുക്കാമെന്ന് ചര്‍ച്ച ചെയ്യുകയും ചെയ്തു അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം തുടര്‍ച്ചയായി പത്താമത്തെ സ്വാതന്ത്ര്യദിന പ്രസംഗമാണിത്.
പ്രധാനമന്ത്രി രാവിലെ 7.30 ഓടെ ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി. ചടങ്ങില്‍ സെന്‍ട്രല്‍ വിസ്ത നിര്‍മാണ തൊഴിലാളികളടക്കം 1,800 പേര്‍ പ്രത്യേക ക്ഷണിതാക്കള്‍. അധ്യാപകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, കര്‍ഷകര്‍, മത്സ്യത്തൊഴിലാളികള്‍ എന്നിങ്ങനെ വിവിധ മേഖലയില്‍ കഴിവ് തെളിയിച്ച വര്‍ക്കാണ് ചെങ്കോട്ടയിലേക്ക് ക്ഷണം ലഭിച്ചത്. ഓരോ സംസ്ഥാനത്തുനിന്നുമുള്ള 75 ദമ്പതിമാര്‍ പരമ്പരാഗതവേഷത്തില്‍ ചെങ്കോട്ടയിലെ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്.
സാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി കനത്ത സുരക്ഷയാണ് ഡല്‍ഹിയിലും രാജ്യ വ്യാപകമായും ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഗതാഗതം നിയന്ത്രിക്കുന്നതിനായി 3000 ത്തോളം പൊലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്.
സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ ഭാഗമായി ഡല്‍ഹിയില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. പതിനായിരത്തോളം ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കായി രാജ്യ തലസ്ഥാനത്ത് വിന്ന്യസിച്ചിരിക്കുന്നത്. ചെങ്കോട്ടയില്‍ എഴുനൂറോളം സുരക്ഷാ ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്. ആന്റി ഡ്രോണ്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ചുകൊണ്ടാണ് സുരക്ഷ. ചെങ്കോട്ടയിലെ ആഘോഷ പരിപാടികള്‍ക്കിടെ, മണിപ്പൂര്‍ വിഷയം ഉന്നയിച്ചുള്ള പ്രതിഷേധ പരിപാടികള്‍ക്ക് സാധ്യത എന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, പഴുതടച്ച ക്രമീകരണങ്ങള്‍ ചെങ്കോട്ടയില്‍ ഒരുക്കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല