
സ്വന്തം ലേഖകൻ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ ന്യൂഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. യുഎഇയും ഇന്ത്യയും തമ്മിലുള്ള ശക്തമായ ബന്ധത്തിൽ ഷെയ്ഖ് അബ്ദുല്ല സന്തോഷം പ്രകടിപ്പിച്ചു. ഇന്ത്യ-യുഎഇ സംയുക്ത കമ്മീഷൻ യോഗത്തിന്റെയും സംഭാഷണത്തിന്റെയും പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഇരു രാജ്യങ്ങളുടെയും തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും വികസന മുൻഗണനകളെ പിന്തുണയ്ക്കുന്നതിനുമുള്ള പ്രാധാന്യം വ്യക്തമാക്കി. യുഎഇയും ഇന്ത്യയും തമ്മിലുള്ള ദീർഘകാല സൗഹൃദ ബന്ധങ്ങളും സമഗ്രമായ പങ്കാളിത്തവും മറ്റു ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ചും യോഗം ചർച്ച ചെയ്തു.
രാജ്യാന്തര സഹകരണ സഹമന്ത്രി റീം അൽ ഹാഷ്മി, സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മാരി, യുഎഇ സെൻട്രൽ ബാങ്ക് ഗവർണർ അഹമ്മദ് അലി അൽ സയേഗ്, രാഷ്ട്രീയകാര്യ വിദേശകാര്യ സഹമന്ത്രി ലാന സാക്കി നുസൈബെ, സാമ്പത്തിക, വ്യാപാര കാര്യ സഹമന്ത്രി സയീദ് മുബാറക് അൽ ഹജ്‌രി, ഇന്ത്യയിലെ യുഎഇ സ്ഥാനപതി ഡോ. അബ്ദുൽ നാസർ അൽ ഷാലി എന്നിവരും വിവിധ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല