സ്വന്തം ലേഖകൻ: രാജ്യാന്തര വിമാന വിലക്ക് ഒരു മാസത്തേക്ക് കൂടി നീട്ടി ഇന്ത്യ; നേരത്തെ മാർച്ച് 31 വരെ പ്രഖ്യാപിച്ചിരുന്ന വിലക്കാണ് ഏപ്രിൽ 30 വരെ നീട്ടിയിരിക്കുന്നത്. എന്നാൽ, എയർ ബബിൾ കരാർ നിലവിലുള്ള രാജ്യങ്ങളിലേക്കുള്ള സർവീസുകൾ തുടരും. കാർഗോ വിമാനങ്ങൾക്കും സ്പെഷൽ പെർമിറ്റ് സർവീസുകൾക്കും വിലക്കു ബാധകമാകില്ല.
ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനാണ് ഇതു സംബന്ധിച്ച സർക്കുലർ ഇറക്കിയത്. കഴിഞ്ഞവർഷം മാർച്ച് 25നായിരുന്നു കോവിഡിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ രാജ്യാന്തര പാസഞ്ചർ സർവീസുകൾക്കു വിലക്ക് ഏർപ്പെടുത്തിയത്. തുടർന്ന് അവശ്യ യാത്രകൾക്കായി വന്ദേഭാരത് മിഷന്റെ പ്രത്യേക സർവീസുകളും തിരഞ്ഞെടുക്കപ്പെട്ട 18 രാജ്യങ്ങളിലേക്ക് എയർബബിൾ സംവിധാനവും ഏർപ്പെടുത്തുകയായിരുന്നു.
അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, ജർമനി, കാനഡ, ബംഗ്ലദേശ്, മാലദ്വീപ്, പശ്ചിമേഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്കാണ് എയർ ബബിൾ സംവിധാനം നിലവിലുള്ളത്. ബ്രിട്ടനിൽ നിന്നും വന്ദേഭാരത് മിഷനിൽ പെടുത്തി ഒരുഘട്ടത്തിൽ കൊച്ചി ഉൾപ്പെടെ ഒൻപതു നഗരങ്ങളിലേക്ക് എയർ ഇന്ത്യയുടെ പ്രത്യേക സർവീസ് ആരംഭിച്ചെങ്കിലും പിന്നീടിത് മുംബൈ, ഡൽഹി, ബാംഗ്ലൂർ നഗരങ്ങളിലേക്കു മാത്രമായി ചുരുക്കി. ഏപ്രിൽ 30 വരെ ഈ സ്ഥിതി തന്നെ തുടരും.
സ്കോട്ട്ലൻഡിൻ എൻഎച്ച്എസ് ജീവനക്കാർക്ക് 4% ശമ്പള വർദ്ധനവ്;
എൻഎച്ച്എസ് ജീവനക്കാർക്ക് കുറഞ്ഞത് 4% ശമ്പള വർദ്ധനവ് പ്രഖ്യാപിച്ച് സ്കോട്ടിഷ് സർക്കാർ. നഴ്‌സുമാർ, പാരാമെഡിക്കുകൾ, അനുബന്ധ ആരോഗ്യ വിദഗ്ധർ, ഗാർഹിക, ആരോഗ്യ സംരക്ഷണ സ്റ്റാഫ്, പോർട്ടർമാർ, മറ്റ് മുൻനിര ആരോഗ്യ പ്രവർത്തകർ എന്നിവരുൾപ്പെടെ 154,000 എൻഎച്ച്എസ് ജീവനക്കാർക്ക് ഈ വർധനവിൻ്റെ ഗുണം ലഭിക്കും.
കൊറോണ മഹാമരിയുടെ സമയത്ത് അവരുടെ സേവനവും അർപ്പണബോധവും അംഗീകരിച്ചാണ് ഈ നടപടിയെന്ന് ആരോഗ്യ സെക്രട്ടറി ജീൻ ഫ്രീമാൻ പറഞ്ഞു. ഒരു ഫ്രണ്ട് ലൈൻ എൻഎച്ച്എസ് നഴ്‌സിന്റെ ശരാശരി ശമ്പളം പ്രതിവർഷം 1,200 പൗണ്ടിലധികം ഉയരുമെന്ന് അവർ പറഞ്ഞു. ശമ്പള ഓഫർ കഴിഞ്ഞ വർഷം ഡിസംബർ 1 ലേക്ക് മുൻകാല പ്രാബല്യത്തോടെയാകും ലഭിക്കുക.
ഒന്ന് മുതൽ ഏഴ് വരെ ശമ്പള ബാൻഡുകളിലെ ജീവനക്കാർക്ക് 2020/21 നെ അപേക്ഷിച്ച് കുറഞ്ഞത് 4% ശമ്പള വർദ്ധനവ് ലഭിക്കും, 2020/21 ൽ 25,000 പൗണ്ടിൽ താഴെ വരുമാനം ലഭിക്കുന്ന തൊഴിലാളികൾക്ക് 2021/22 ൽ കുറഞ്ഞത് 1,000 പൗണ്ടിൽ കൂടുതൽ വർദ്ധനവ് ഉറപ്പ്. ഇതിനർത്ഥം ഏറ്റവും കുറഞ്ഞ ശമ്പളമുള്ള സ്റ്റാഫിന് 5.4% വർധനവാണ് ലഭിക്കുക. ഏറ്റവും ഉയർന്ന ശമ്പള പോയിന്റിലുള്ളവർക്ക് 800 പൗണ്ട് വരെ വര്ഷം അധികമായി ലഭിക്കും.
വാക്സിൻ കയറ്റുമതി വിഷയത്തിൽ ഇയു നിർണായക യോഗം ചേരുന്നു
കോവിഡ് വാക്സിൻ വിതരണവും കയറ്റുമതിയും സംബന്ധിച്ച കാര്യങ്ങൾ ഇന്ന് ചേരുന്ന നിർണായക ഇയു യോഗം ചർച്ച ചെയ്യും. വാക്സിൻ കയറ്റുമതിയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനുള്ള പദ്ധതികളെ പിന്തുണയ്ക്കാൻ യൂറോപ്യൻ കമ്മീഷൻ ഇയു നേതാക്കളോട് ആവശ്യപ്പെടുമെന്നാണ് റിപ്പോർട്ട്. വാക്‌സിൻ വിതരണത്തെച്ചൊല്ലി ഇടഞ്ഞു നിൽക്കുന്ന യുകെയുമായി “വിൻ-വിൻ“ നില തുടരുമെന്ന് ബുധനാഴ്ച യുകെ-ഇയു സംയുക്ത പ്രസ്താവന ഇറക്കിയതിന് പിന്നാലെയാണ് ചർച്ച നടക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല