സ്വന്തം ലേഖകൻ: ഇന്ത്യന്‍ സര്‍ക്കാരിന്റെ കശ്മീര്‍ നടപടിയ്ക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ്. ജമ്മു കശ്മീരില്‍ ഇന്ത്യ കൈക്കൊണ്ട നടപടികള്‍ക്ക് കാരണങ്ങളുണ്ടാകാമെന്നും എന്നാല്‍ ആ കാരണങ്ങള്‍ എല്ലാം ഇപ്പോഴും തെറ്റാണെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.
യു.എന്നില്‍ സംസാരിക്കവേയായിരുന്നു ഇന്ത്യയുടെ കശ്മീര്‍ നിലപാടിനെതിരെ അദ്ദേഹം രംഗത്തെത്തിയത്. ഇന്ത്യയുടെ ആക്രമണവും അധിനിവേശവുമാണ് കശ്മീരില്‍ കണ്ടത് എന്നായിരുന്നു യു.എന്നില്‍ നടത്തിയ പ്രസംഗത്തില്‍ മഹാതിര്‍ മുഹമ്മദ് പറഞ്ഞത്. പാക്കിസ്ഥാനുമായി സംസാരിച്ച് വിഷയത്തില്‍ പരിഹാരം ഉണ്ടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജമ്മു കശ്മീരിലെ ഇന്ത്യയുടെ നടപടികള്‍ക്ക് കാരണങ്ങളുണ്ടാകാമെന്ന് യു.എന്‍ പൊതുസഭയില്‍ പറഞ്ഞ മലേഷ്യന്‍ പ്രധാനമന്ത്രി അതെല്ലാം തെറ്റാണെന്നും ഊന്നിപ്പറഞ്ഞു. യു.എന്‍ പ്രമേയങ്ങള്‍ക്കിടയിലും ജമ്മു കശ്മീര്‍ പിടിച്ചടക്കാന്‍ ഇന്ത്യ ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യു.എന്നിനെ അവഗണിക്കുന്നത് ഐക്യരാഷ്ട്രസഭയെയും നിയമവാഴ്ചയെയും അവഗണിക്കുന്നതിലേക്ക് മറ്റുള്ളവരെ നയിക്കുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ചര്‍ച്ചകളിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കുകയാണ് വേണ്ടതെന്ന് യു.എന്‍ ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തിലും അദ്ദേഹം പറഞ്ഞു. അധിനിവേശത്തിലൂടെയല്ലാതെ ചര്‍ച്ചകളിലൂടെ പ്രശ്നത്തിന് പരിഹാരം കണ്ടെത്തണമെന്ന് മോദിയോട് താന്‍ ആവശ്യപ്പെട്ടിരുന്നതായും അദ്ദേഹം പറഞ്ഞു. റഷ്യയില്‍ നടന്ന കൂടിക്കാഴ്ചയില്‍ കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കാനുള്ള സാഹചര്യത്തെ കുറിച്ച് മോദി സംസാരിച്ചെന്നും മലേഷ്യന്‍ പ്രധാനമന്ത്രി പറഞ്ഞു.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നത് ആഭ്യന്തര കാര്യമാണെന്ന് ഇന്ത്യ അന്താരാഷ്ട്ര സമൂഹത്തോട് വ്യക്തമായി പറഞ്ഞിട്ടുണ്ട്. എന്തുകൊണ്ടാണ് കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വേണ്ടെന്ന് ഇന്ത്യ പറയുന്നത്? കശ്മീരില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മധ്യസ്ഥതയ്ക്കുള്ള എല്ലാ സാധ്യതകളും ഇന്ത്യ നിരസിച്ചു. എന്നാല്‍ ഇരുരാജ്യങ്ങള്‍ക്കും ഉഭയകക്ഷി ചര്‍ച്ച നടത്താനും പരിഹാരം കണ്ടെത്താനും കഴിയുമായിരുന്നു.
ഇന്ത്യയുമായും പാകിസ്ഥാനുമായും സംസാരിക്കാന്‍ താങ്കള്‍ ശ്രമിച്ചിരുന്നോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മോദിയുമായി വ്ലാഡിവോസ്റ്റോക്കില്‍ വെച്ച് ഒരു നീണ്ട ചര്‍ച്ച തന്നെ നടത്തിയെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് എന്തുകൊണ്ടാണ് മോദി വിശദീകരിച്ചു. ഇന്ത്യ ബംഗ്ലാദേശുമായും മറ്റുള്ളവരുമായുള്ള പ്രശ്നങ്ങള്‍ അടക്കം ചര്‍ച്ചകളിലൂടെ പരിഹരിച്ചിട്ടുണ്ടെന്ന കാര്യം അദ്ദേഹത്തെ ഓര്‍മ്മപ്പെടുത്തിയിരുന്നു.
സംഘര്‍ഷങ്ങള്‍ ഇല്ലാതാക്കുന്നതിനായുള്ള ചര്‍ച്ചകള്‍ നേരത്തെയും ഇന്ത്യ നടത്തിയിട്ടുണ്ടെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ കശ്മീരിന്റെ കാര്യത്തില്‍ അത്തരമൊരു നടപടിക്ക് ഇന്ത്യ തയ്യാറാകുന്നില്ല.
2019 സെപ്റ്റംബര്‍ 27 ന് ന്യൂയോര്‍ക്കിലെ യുഎന്‍ ആസ്ഥാനത്ത് നടക്കുന്ന ഐക്യരാഷ്ട്ര പൊതുസഭയുടെ 74-ാമത് സെഷനില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിച്ചിട്ടുണ്ട്. യു.എന്‍ പൊതുസഭയില്‍ നരേന്ദ്ര മോദി ഭീകരതയ്ക്കെതിരെ ഐക്യം ആവശ്യപ്പെടുന്നുണ്ട്. ഇതിനെ എങ്ങനെ കാണുന്നുവെന്ന ചോദ്യത്തിന് മോദി ഒരു കാര്യത്തിലും പ്രതിജ്ഞ ചെയ്തിട്ടില്ല എന്നായിരുന്നു മഹാതിറിന്റെ മറുപടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല