സ്വന്തം ലേഖകൻ: ഇന്ത്യയിൽ നിക്ഷേപം നടത്താനുള്ള ഏറ്റവും നല്ല സമയമാണിതെന്ന് ആഗോള സമൂഹത്തോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. തായ്‌ലൻഡ് സന്ദർശന വേളയിൽ തലസ്ഥാനമായ ബാങ്കോക്കിൽ സംഘടിപ്പിച്ച ആദിത്യ ബിർള ഗ്രൂപ്പിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ നിക്ഷേപം നടത്താന്‍ ഏറ്റവും ആകര്‍ഷകമായ രാജ്യമായി ഇന്ത്യ മാറിയെന്നും പ്രധാനമന്ത്രി പറഞ്ഞു.
ബിസിനസ് സംബന്ധിച്ച കാര്യങ്ങൾ എളുപ്പമാക്കുന്നതിനായി നിരന്തരമായി ഘടനാപരമായ മാറ്റങ്ങൾ വരുത്തി, ഇന്ത്യ വ്യവസായ ലോകത്തെ സ്വാഗതം ചെയ്യുകയാണെന്നും നരേന്ദ്ര മോദി പറഞ്ഞു. ഏഷ്യൻ രാജ്യങ്ങളുടെ പതിനാറാമത് ആസിയാൻ ഉച്ചകോടിയിൽ പങ്കെടുക്കുകയും പ്രാദേശിക സാമ്പത്തിക പങ്കാളിത്ത കരാർ പ്രകാരം വ്യാപാര ചർച്ചകൾ നടത്തുകയും ചെയ്യും.
“ഇന്ത്യയിലേക്ക് വരാൻ ഏറ്റവും മികച്ച സമയമാണിത്. പലതും വീഴുമ്പോൾ പലതും ഉയരുന്നു. ബിസിനസ് ചെയ്യുന്നതിനുള്ള എളുപ്പം, ജീവിത സൗകര്യം, നേരിട്ടുള്ള വിദേശ നിക്ഷേപം, വനമേഖല, പേറ്റന്‌റുകള്‍, ഉല്‍പാദനക്ഷമത, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ വികസിക്കുകയാണ്. അതേസമയം നികുതി, നികുതി നിരക്ക്, റെഡ് ടാപ്പിസം, അഴിമതി എന്നിവ കുറയുകയുമാണ്,’ മോദി പറഞ്ഞു.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇന്ത്യയിലേക്ക് വിദേശ നിക്ഷേപമായി എത്തിയത് 286 ബില്യണ്‍ അമേരിക്കന്‍ ഡോളറാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ വിദേശ നിക്ഷേപം എത്തുന്ന പത്ത് രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ലോകത്തെ വ്യവസായ സൗഹൃദ രാജ്യങ്ങളുടെ പട്ടികയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇന്ത്യ 79ാം സ്ഥാനം മെച്ചപ്പെടുത്തി.
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ അഞ്ച് ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയാകാനുള്ള ഇന്ത്യയുടെ ആഗ്രഹത്തെ ശക്തിപ്പെടുത്തുന്ന പരിഷ്കാരങ്ങളിൽ ചരക്ക് സേവന നികുതി (ജിഎസ്ടി), ഡിജിറ്റൽ പണ കൈമാറ്റം, കോർപ്പറേറ്റ് നികുതി കുറയ്ക്കൽ എന്നിവ അദ്ദേഹം പരാമർശിച്ചു.
2014 ല്‍ താന്‍ അധികാരത്തിലെത്തുമ്പോള്‍ ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥ 2 ട്രില്യണ്‍ ഡോളറായിരുന്നു. വെറും അഞ്ച് വര്‍ഷം കൊണ്ട് മൂന്ന് ട്രില്യണ്‍ ഡോളറായി മാറിയെന്നും പ്രധാനമന്ത്രി പറഞ്ഞു. “ഇന്ത്യ അഭിവൃദ്ധി പ്രാപിക്കുമ്പോൾ ലോകം അഭിവൃദ്ധി പ്രാപിക്കും,” ഇന്ത്യയുടെ വികസന കാഴ്ചപ്പാട് അത്തരത്തിൽ സമഗ്രമായ ഒന്നാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല