സ്വന്തം ലേഖകന്‍: ഇന്ത്യയുടെ ഫുട്‌ബോള്‍ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഇറാന്‍ തടയിട്ടു, തോല്‍വി എതിരില്ലാത്ത 3 ഗോളുകള്‍ക്ക്. ലോകകപ്പ് യോഗ്യതകു വേണ്ടിയുള്ള ഏഷ്യന്‍ മേഖലാ മല്‍സരത്തില്‍ ലോക റാങ്കിങ്ങില്‍ 40 മത്തെ റാങ്കുകാരായ ഇറാനെതിരെ 155 മത്തെ സ്ഥാനക്കാരായ ഇന്ത്യക്ക് മൂന്നു ഗോളിന്റെ തോല്‍വി.
ഗുവാമിനെതിരെ കഴിഞ്ഞ മല്‍സരത്തില്‍ നേടിയ എതിരില്ലാത്ത ആറു ഗോള്‍ വിജയത്തിന്റെ തിളക്കത്തിലെത്തിയ ഇറാനെ മല്‍സരത്തിന്റെ ഏറിയ പങ്കും പിടിച്ചുകെട്ടാനായെങ്കിലും എതിരില്ലാത്താത്ത മൂന്നു ഗോളുകള്‍ക്കായിരുന്നു ഇന്ത്യന്‍ തോല്‍വി. പ്രതിരോധനിരയുടെ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യയുടെ തോല്‍വിഭാരം കുറച്ചത്. സുബ്രതോ പോളിന് പകരം ദേശീയ ടീമിനായി ആദ്യ മല്‍സരത്തിനിറങ്ങിയ ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധുവും മികച്ച പ്രകടനം കാഴ്ചവച്ചു.
വിജയത്തോടെ ഗുവാമിനെയും ഒമാനെയും മറികടന്ന് ഇറാന്‍ ഗ്രൂപ്പില്‍ ഒന്നാമതെത്തി. മല്‍സരത്തിന് മുന്‍പ് നാലു പോയിന്റുമായി മൂന്നാം സ്ഥാനത്തായിരുന്ന ഇറാന്‍ വിജയത്തോടെ ഏഴു പോയിന്റു സ്വന്തമാക്കിയാണ് ഒന്നാമതെത്തിയത്. ആദ്യ രണ്ടു കളികളും ജയിച്ച ഒമാനും ഗുവാമിനും ആറു പോയിന്റുണ്ട്. മൂന്നു മല്‍സരവും തോറ്റ ഇന്ത്യ അവസാന സ്ഥാനത്താണ്.
ലോകകപ്പില്‍ അര്‍ജന്റീനയെ വെള്ളംകുടിപ്പിച്ച ചരിത്രമുള്ള ഇറാനെതിരെ മോശമല്ലാത്ത പ്രകടനമായിരുന്നു ഇന്ത്യയുടേത്. നേപ്പാളിനെതിരായ സൗഹൃദ മല്‍സരത്തില്‍ ഗോള്‍രഹിത സമനില വഴങ്ങിയ ഇന്ത്യന്‍ നിരയില്‍ രണ്ടു മാറ്റങ്ങളുമായാണ് പരിശീലകന്‍ സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ ടീമിനെയിറക്കിയത്. ഗോള്‍കീപ്പര്‍ സുബ്രതോ പോളും ഫ്രാന്‍സിസ് ഫെര്‍ണാണ്ടസും കരയ്ക്കിരുന്നപ്പോള്‍ അര്‍ണബ് മൊണ്ടലും ഗുര്‍പ്രീത് സിങ് സന്ധുവും പകരമെത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല