സ്വന്തം ലേഖകന്‍: ഇന്ത്യ മതേതര രാഷ്ട്രം, രാജ്യത്തിന് ഔദ്യോഗിക മതമില്ലെന്ന് ഇന്ത്യന്‍ പ്രതിനിധി സംഘം യുന്നില്‍, ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കും. ഇന്ത്യ മതേതര രാഷ്ട്രമാണെന്നും രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമെന്നും അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗി ഐക്യരാഷ്ട്ര സഭയില്‍ പറഞ്ഞു. ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്കു നേരെ അതിക്രമം നടക്കുന്നുവെന്ന പാകിസ്ഥാന്റെ ആരോപണത്തിന് യു.എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ യോഗത്തില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഇന്ത്യയില്‍ ജാതിയുടേയോ മതത്തിന്റേയോ നിറത്തിന്റേയോ പേരിലുള്ള വിവേചനമില്ല. ഇന്ത്യ ഒരു പ്രത്യേക മതവിഭാഗത്തിന്റേത് മാത്രമല്ല. ഏത് മതത്തില്‍ വേണമെങ്കിലും വിശ്വസിക്കാനുള്ള അവകാശം ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്‍കുന്നുണ്ട്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമാണ് ഇന്ത്യ. ആവിഷ്കാര സ്വാതന്ത്ര്യവും വേണ്ടുവോളമുണ്ട്. ഇതെല്ലാം കൊണ്ട് തന്നെ ജനങ്ങള്‍ സന്തുഷ്ടരാണ്. മനുഷ്യാവകാശം ഉറപ്പാക്കുന്നതില്‍ ഇന്ത്യ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ല. സമാധാനത്തിലും അഹിംസയിലും വിശ്വസിക്കുന്നവരാണ് ഇന്ത്യയിലെ ജനങ്ങള്‍.
ചില പ്രശ്നബാധിത സ്ഥലങ്ങളില്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. ചില രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന സ്ഥലങ്ങളില്‍ ഇത്തരം സൈനിക വിന്യാസം അനിവാര്യമാണെന്നും റോഹ്തഗി ചൂണ്ടിക്കാട്ടി. ഭിന്നലിംഗക്കാരേയും സാധാരണക്കാരേയും ഒരുപോലെയാണ് ഇന്ത്യ പരിഗണിക്കുന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ ആവശ്യമായ നിയമങ്ങള്‍ രാജ്യത്തുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം കശ്മീരില്‍ സൈന്യത്തിന്റെ പെല്ലറ്റ് തോക്ക് ഉപയോഗം നിരോധിക്കണമെന്ന കാര്യം പാകിസ്ഥാന് യോഗത്തില്‍ ഉന്നയിച്ചു. മുസ്ലിം, ക്രിസ്ത്യന്‍, സിഖ്, ദലിത് വിഭാഗങ്ങള്‍ക്കു നേരെ ഇന്ത്യയില്‍ അക്രമങ്ങള്‍ നടക്കുകയാണെന്നും ഐക്യരാഷ്ട്ര സഭാ സംഘത്തെ കാശ്മീര്‍ സന്ദര്‍ശിക്കാന്‍ അനുവദിക്കണമെന്നും പാകിസ്ഥാന് പ്രതിനിധി ആവശ്യപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല