സ്വന്തം ലേഖകന്‍: കൊടും വിഷമായ ഇന്ധന അവശിഷ്ടങ്ങള്‍ അമേരിക്കന്‍ എണ്ണക്കമ്പനികള്‍ ഇന്ത്യയുടെ തലയില്‍ കെട്ടിവെക്കുന്നു, കയറ്റുമതി ഇന്ത്യന്‍ വ്യവസായ ശാലകള്‍ക്കുള്ള ഇന്ധനമെന്ന മറവില്‍. സ്വന്തം നാട്ടില്‍ വിറ്റഴിക്കാനാവാത്ത, കനേഡിയന്‍ ടാര്‍ സാന്‍ഡ് അടക്കമുള്ള എണ്ണ ഉല്‍പന്നങ്ങളുടെ ശുദ്ധീകരണ ശേഷം വീപ്പകളില്‍ അടിഞ്ഞു കൂടുന്ന പെട്രോളിയം കോക്ക് (പെറ്റ് കോക്ക്) പോലുള്ള വിഷ വസ്തുക്കളാണ് യുഎസ് എണ്ണക്കമ്പനികള്‍ ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്നത്.
കല്‍ക്കരിയെക്കാള്‍ ജ്വലനക്ഷമതയുള്ളതും വിലകുറഞ്ഞതുമായ പെറ്റ് കോക്കില്‍ ഗുരുതരമായ ശ്വാസകോശ രോഗങ്ങള്‍ക്കു കാരണമാകുന്ന സള്‍ഫറും അന്തരീക്ഷത്തിലെ താപനില ഉയര്‍ത്തുന്ന തരം കാര്‍ബണ്‍ സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്. അതിനാല്‍ യുഎസ് കമ്പനികളൊന്നും ഇതു വാങ്ങാറില്ല. കഴിഞ്ഞവര്‍ഷം മാത്രം യുഎസ് കമ്പനികള്‍ ഇന്ത്യയിലേക്കു കയറ്റിയയച്ചത് 80 ലക്ഷം ടണ്‍ പെറ്റ് കോക്കാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
2010 ല്‍ കയറ്റിയയച്ചതിന്റെ 20 ഇരട്ടിയാണിത്. ഇന്ത്യയിലെ ഒട്ടേറെ വ്യവസായശാലകള്‍ ഇതാണ് ഇന്ധനമായി ഉപയോഗിക്കുന്നത്. ഡല്‍ഹിക്കു സമീപമുള്ള ഫാക്ടറിയില്‍നിന്നു ശേഖരിച്ച സാംപിളില്‍ അനുവദനീയ അളവിന്റെ 17 മടങ്ങ് സള്‍ഫര്‍ അടങ്ങിയതായി ലാബ് പരിശോധനയില്‍ കണ്ടെത്തി. ഇത് ഡീസലിലുള്ളതിന്റെ 1380 മടങ്ങാണെന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പരിശോധനയില്‍ വ്യക്തമായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല