സ്വന്തം ലേഖകന്‍: ഒരു ശക്തിക്കും ഇന്ത്യയെ തടയാന്‍ സാധിക്കില്ലെന്ന് യുഎസിലെ ഇന്ത്യന്‍ സമൂഹത്തോട് നരേന്ദ്ര മോദി. ഇന്ത്യ അതിവേഗം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും ഒരു ശക്തിക്കും ഇന്ത്യയെ തടയാന്‍ സാധിക്കില്ലെന്നും വെര്‍ജിനിയയില്‍ ഇന്ത്യന്‍ വംശജര്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കവെ പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയെക്കുറിച്ചുള്ള സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ തനിക്ക് സാധിക്കുമെന്നും നിങ്ങളുടെ ജീവിത കാലത്തു തന്നെ അവ യാഥാര്‍ഥ്യമാകുമെന്നും മോദി ഇന്ത്യന്‍ സമൂഹത്തിന് വാക്കു നല്‍കി.
ഇന്ത്യയുടെ പുരോഗതിയില്‍ പങ്കുചേരാന്‍ ഓരോ ഇന്ത്യക്കാരും ആഗ്രഹിക്കുന്നുണ്ട്. രാജ്യമിന്ന് വളരെ വേഗത്തില്‍ പുരോഗതിയിലേക്ക് കുതിക്കുകയാണ്. ഇന്ത്യയിലെ പലസര്‍ക്കാരുകളും പരാജയപ്പെട്ടത് അഴിമതിയെ തുടര്‍ന്നാണ്. ഇന്ത്യക്കാര്‍ അഴിമതിയെ ഒരിക്കലും ഇഷ്ടപ്പെടില്ല. കഴിഞ്ഞ മൂന്ന് വര്‍ഷമായി തന്റെ സര്‍ക്കാരിന് മേല്‍ അഴിമതിയുടെ ചെറിയ കറപോലും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. കുട്ടികളും സ്ത്രീകളും ആരോഗ്യത്തോടെയിരിക്കുന്ന വികസിത ഇന്ത്യയെക്കുറിച്ചാണ് താന്‍ സ്വപ്‌നം കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ തീവ്രവാദത്തെക്കുറിച്ച് ലോകത്തോട് പറഞ്ഞപ്പോള്‍ പല രാജ്യങ്ങളും അതിനെ വെറും ക്രമസമാധാന പ്രശ്‌നമായാണ് കണ്ടത്. എന്നാല്‍ ഭീകരത എന്താണെന്ന് നാം പറയാതെ തന്നെ ഇപ്പോള്‍ എല്ലാവര്‍ക്കും അറിയാം. ലോകം ഇന്ന് തീവ്രവാദത്തിന്റെ കെടുതികളിലാണ്. തീവ്രവാദം മനുഷ്യകുലത്തിന്റെ ശത്രുവാണെന്നും മോദി കൂട്ടിച്ചേര്‍ത്തു. ഇന്ത്യ പാക് അധീന കാശമീരിലേക്ക് നടത്തിയ മിന്നലാക്രമണത്തെക്കുറിച്ചും മോദി സംസാരിച്ചു.
ഇന്ത്യ മിന്നലാക്രമണം നടത്തിയതോടെ ലോകം ഇന്ത്യയുടെ ശക്തി അറിഞ്ഞു. ആവശ്യമായി വന്നാല്‍ ശക്തിപ്രയോഗിക്കാന്‍ ഇന്ത്യ മടിക്കില്ലെന്ന് ലോകം തിരിച്ചറിഞ്ഞു. ഭീകരതയ്‌ക്കെതിരെ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തെ ഒരുരാജ്യം പോലും ചോദ്യം ചെയ്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ പ്രവര്‍ത്തനങ്ങളെ പ്രശംസിക്കാനും അദ്ദേഹം മറന്നില്ല. ഇന്ത്യന്‍ വംശജര്‍ക്ക് എന്ത് പ്രശ്‌നങ്ങളുണ്ടായാലും സമീപത്തുള്ള ഇന്ത്യന്‍ എംബസിയെ സഹായത്തിനായി സമീപിക്കാമെന്നും മോദി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല