സ്വന്തം ലേഖകന്‍: മിസൈല്‍ രംഗത്ത് പുതിയ കുതിപ്പിനൊരുങ്ങി ഇന്ത്യ, ഇസ്രായേലുമായി 17,000 കോടിയുടെ കരാര്‍ ഒപ്പിടും. പ്രധാനമന്ത്രി അധ്യക്ഷനായ കേന്ദ്രമന്ത്രിസഭയുടെ സുരക്ഷാകാര്യ സമിതി സുപ്രധാന ഇടപാടിന് അനുമതി നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. കരസേനയ്ക്കായി മധ്യദൂര ശേഷിയുള്ള ഉപരിതലത്തില്‍നിന്ന് വായുവിലേക്ക് തൊടുക്കാവുന്ന മിസൈലുകളാണ് ഇന്ത്യ വാങ്ങാന്‍ തയാറെടുക്കുന്നത്. ഇന്ത്യയും ഇസ്രായേലും സംയുക്തമായാണ് മിസൈല്‍ വികസിപ്പിക്കാനും കരാറില്‍ ശുപാര്‍ശയുണ്ട്. 70 കിലോ മീറ്റര്‍ ദൂര പരിധിയുള്ള, ഡ്രോണുകള്‍ക്കും ശത്രുവിമാനങ്ങള്‍ക്കും നേരെ പ്രയോഗിക്കാന്‍ കഴിയുന്ന തരത്തിലുള്ള മിസൈലുകളാണ് പ്രധാനമായും കരാറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്നാണ് സൂചന.
ഡിആര്‍ഡിഒ യുടെ മിസൈല്‍ വിഭാഗം തലവന്‍ ജി. സതീഷ് റെഡ്ഡിക്കാണ് പദ്ധതിയുടെ മേല്‍നോട്ടം. ഈ വര്‍ഷം പ്രധാനമന്ത്രി ഇസ്രായേല്‍ സന്ദര്‍ശിക്കുന്ന സമയത്ത് കരാര്‍ ഒപ്പിടുമെന്നാണ് സൂചനകള്‍. പ്രധാനമന്ത്രി ഈ വര്‍ഷം ഇസ്രയേല്‍ സന്ദര്‍ശിക്കാനിരിക്കെയാണ് ഇടപാടിന് അനുമതി നല്‍കിയതെന്നകാര്യം ശ്രദ്ധേയമാണ്. സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി കരാറില്‍ ഒപ്പിടുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചനകള്‍. ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള നയതന്ത്ര ബന്ധത്തിന്റെ 25 ആം വാര്‍ഷികം ആഘോഷങ്ങളുടെ ഭാഗമായാണ് മോദിയുടെ ഇസ്രായേല്‍ സന്ദര്‍ശനം. കഴിഞ്ഞ നവംബറില്‍ ഇസ്രായേല്‍ പ്രസിഡന്റ് റൂവന്‍ റിവ്‌ലിന്റെ സന്ദര്‍ശന സമയത്ത് ഇന്ത്യന്‍ പ്രതിരോധ ഗവേഷണ വികസന സംഘടനയും (ഡി.ആര്‍.ഡി.ഒ) ഇസ്രായേലി എയര്‍ക്രാഫ്റ്റ് ഇന്‍ഡസ്ട്രിയും (ഐ. എ. ഐ) കരാര്‍ സംബന്ധിച്ച് ധാരണയിലെത്തിയിരുന്നു.
ഇസ്രയേല്‍ എയര്‍ക്രാഫ്റ്റ് ഇന്‍ഡസ്ട്രിയും ഇന്ത്യയുടെ പ്രതിരോധ ഗവേഷണ വികസനസമിതിയും (ഡിആര്‍ഡിഒ) ചേര്‍ന്ന് മിസെയില്‍ വികസിപ്പിക്കാനാണ് ധാരണ. കരസേനക്കായി മധ്യദൂര ശേഷിയുള്ള ഉപരിതലത്തില്‍നിന്ന് വായുവിലേക്ക് തൊടുക്കാവുന്ന ഈ മിസൈലുകള്‍ ഇന്ത്യയുടെ ആയുധപ്പുരയിലെ പ്രധാന തുറുപ്പുചീട്ടികളായിരിക്കും. 40 ഫയറിങ് യൂനിറ്റുകളിലായി 200 മിസെയിലുകളുള്ള സംവിധാനമാണ് വാങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ശത്രുവിമാനങ്ങള്‍ക്കും ഡ്രോണുകളുള്‍പ്പെടെ ആളില്ലാ വിമാനങ്ങള്‍ക്കും നേരെ പ്രയോഗിക്കാന്‍ കഴിയുന്ന ഇവ ഭാവിയിലെ യുദ്ധങ്ങള്‍ക്ക് അത്യന്താപേക്ഷിതമാണെന്ന് വിദഗ്ദര്‍ വിലയിരുത്തുന്നു. കരാര്‍ ഒപ്പിട്ട് 72 മാസത്തിനുള്ളില്‍ ആദ്യ യൂണിറ്റ് ഇന്ത്യയിലെത്തിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല