സ്വന്തം ലേഖകൻ:ഗഗന്‍യാന്‍ ദൗത്യസംഘത്തലവനായി മലയാളി. പാലക്കാട് നെന്മാറ സ്വദേശി പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍ ആണ് സംഘത്തലവന്‍. അംഗദ് പ്രതാപ്, അജിത് കൃഷ്ണന്‍, ശുഭാന്‍ശു ശുക്ല എന്നിവരാണ് മറ്റ് അംഗങ്ങള്‍. യാത്രികരുടെ പേരുകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഔദ്യോഗികമായി പ്രഖ്യാപിച്ചു.
പാലക്കാട് നെന്മാറ കൂളങ്ങാട് പ്രമീളയുടെയും വിളമ്പില്‍ ബാലകൃഷ്ണന്റേയും മകനാണ് പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍. സുഖോയ് യുദ്ധവിമാന പൈലറ്റായ പ്രശാന്ത് വ്യോമസേനയില്‍ ഗ്രൂപ്പ് ക്യാപ്റ്റനാണ്. യുഎസ് എയര്‍ കമാന്‍ഡ് ആന്‍ഡ് സ്റ്റാഫ് കോളേജില്‍ നിന്നും ഒന്നാം റാങ്കോടെയാണ് ബിരുദം പാസായത്. 1998 ല്‍ ഹൈദരാബാദ് വ്യേമസേന അക്കാദമിയില്‍ നിന്നും സ്വോര്‍ഡ് ഓഫ് ഓണര്‍ നേടി. പാലക്കാട് അകത്തേത്തറ എന്‍എസ്എസ് എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി ആയിരിക്കെയാണ് എന്‍ഡിഎയില്‍ ചേര്‍ന്നത്.
ദൗത്യം വിജയിച്ചാൽ മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. ഒരു സംഘത്തെ ഭൂമിക്ക് ചുറ്റുമുള്ള 400 കിലോമീറ്റർ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലേക്ക് ഒന്നോ മൂന്നോ ദിവസത്തെ ദൗത്യത്തിനായി കൊണ്ടുപോകാനും അവരെ സുരക്ഷിതമായി തിരികെ കൊണ്ടുവരാനുമുള്ള ഇന്ത്യയുടെ പ്രാപ്തി തെളിയിക്കുകയാണ് ഗഗൻയാൻ പദ്ധതിയുടെ ലക്ഷ്യം.
2025-ലാകും ഗഗൻയാൻ ദൗത്യം. ഗഗൻയാൻ ദൗത്യത്തിനു മുന്നോടിയായി യന്ത്രവനിത ‘വ്യോമമിത്ര’യെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഗഗൻയാൻ പരീക്ഷണ ദൗത്യം ‘ജിഎക്സ്’ 2024 ജൂണിൽ വിക്ഷേപിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല