![](https://www.nrimalayalee.com/wp-content/uploads/2021/07/Kuwait-Jazeera-Airways-cancelled-Indian-Flights.jpg)
സ്വന്തം ലേഖകൻ: കാത്തിരിപ്പിനൊടുവിൽ ഇന്ത്യയിൽ നിന്നും നേരിട്ടുള്ള ആദ്യ വിമാനം കുവൈത്തിൽ പറന്നിറങ്ങി. വെല്‍ഫെയര്‍ കേരള കുവൈത്ത് ചാര്‍ട്ടര്‍ ജസീറ എയർ ലൈൻസ് വിമാനമാണ് കുവൈത്തിലെത്തിയത്. നിലച്ചു പോകുമായിരുന്ന ജീവനോപാധികള്‍ തിരിച്ചു കിട്ടിയ സന്തോഷത്തോടെയാണ് 167 യാത്രക്കാർ കുവൈത്തിൽ വിമാനമിറങ്ങിയത്.
നേരിട്ടുള്ള വിമാന സർവീസിന് കുവൈത്ത് അനുമതി നൽകിയത് ഉപയോഗപ്പെടുത്തി വെൽഫെയർ കേരള കുവൈത്ത് ആണ് വിമാനം ചാർട്ടർ ചെയ്ത് യാത്രക്കാരെ കൊണ്ടുവന്നത്. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ഇന്ത്യന്‍ സമയം വ്യാഴാഴ്ച പുലര്‍ച്ചെ 3.30ന് പുറപ്പെടുന്ന ചാര്‍ട്ടര്‍ വിമാനം കുവൈത്ത് സമയം രാവിലെ ആറിന് കുവൈത്തില്‍ എത്തി. കുവൈത്തി വിമാന കമ്പനിയായ ജസീറ എയര്‍വേയ്സുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കിയത്.
അതിനിടെ ഇന്ത്യയിൽനിന്ന് കുവൈത്തിലേക്കുള്ള വിമാന ടിക്കറ്റ് ചരിത്രത്തിലെ ഉയർന്ന നിലയിലെത്തി. കൊച്ചി, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിൽനിന്ന് കുവൈത്തിലേക്ക് നേരിട്ടുള്ള ടിക്കറ്റ് നിരക്ക് സെപ്റ്റംബർ ആദ്യ രണ്ടാഴ്ചകളിൽ ഒന്നേകാൽ ലക്ഷം മുതൽ രണ്ടുലക്ഷം വരെയാണ്.
മാസങ്ങൾക്കു ശേഷം നേരിട്ടുള്ള വിമാന സർവിസിന് അനുമതി നൽകിയിട്ടുണ്ടെങ്കിലും ആഴ്ചയിലെ പരമാവധി യാത്രക്കാരുടെ എണ്ണത്തിന് പരിധി നിശ്ചയിച്ചിട്ടുണ്ട്. ആഴ്ചയിൽ 5528 സീറ്റ് ആണ് കുവൈത്ത് വ്യോമയാന വകുപ്പ് അനുവദിച്ചിട്ടുള്ളത്. ഇതിൽ പകുതി ഇന്ത്യൻ വിമാനക്കമ്പനികൾക്കും പകുതി കുവൈത്തി വിമാനക്കമ്പനികളായ കുവൈത്ത് എയർവേസും ജസീറ എയർവേസും പങ്കിടുകയുമാണ്.
ഇന്ത്യൻ വിമാനക്കമ്പനികളുടെ വിഹിതം വീതിച്ചുനൽകാൻ കുവൈത്ത് വ്യോമയാന വകുപ്പു മേധാവി യൂസുഫ് അൽ ഫൗസാൻ ഇന്ത്യൻ വ്യോമയാന വകുപ്പിന് അയച്ച കത്തിൽ നിർദേശിച്ചിട്ടുണ്ട്. ഇന്ത്യ അന്താരാഷ്ട്ര വിമാന സർവിസിന് വിലക്ക് ഏർപ്പെടുത്തിയത് തുടരുന്ന പശ്ചാത്തലത്തിൽ പ്രത്യേക എയർ ബബിൾ സംവിധാനത്തിലൂടെയാണ് ഇപ്പോൾ സർവിസ് ആരംഭിക്കുന്നത്.
ആദ്യദിനം 656, രണ്ടാം ദിനം 1112, മൂന്നാംദിനം 648, നാലാം ദിനം 648, അഞ്ചാം ദിനം 1088, ആറാം ദിനം 638, ഏഴാംദിനം 738 എന്നിങ്ങനെയാണ് േക്വാട്ട നിശ്ചയിച്ചത്. നാട്ടിൽനിന്ന് കുവൈത്തിലെത്തൽ അത്യാവശ്യമായിട്ടുള്ള പതിനായിരങ്ങൾ കാത്തിരിക്കുന്ന അവസ്ഥയിൽ േക്വാട്ട വർധിപ്പിച്ചാലേ ടിക്കറ്റ് നിരക്ക് കുറയൂ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല