സ്വന്തം ലേഖകന്‍: ദൊക് ലാ സംഭവത്തില്‍ നിന്ന് ഇന്ത്യ പാഠം പഠിക്കുമെന്നാണ് പ്രതീക്ഷയെന്ന് ചൈന. ഭാവിയില്‍ ഇത്തരം പ്രശ്‌നങ്ങളുണ്ടാകില്ലെന്ന് കരുതുന്നതായും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി പറഞ്ഞു. ബ്രിക്‌സ് ഉച്ചകോടിക്കു മുന്‍പു നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടു മാസത്തോളം നീണ്ടുനിന്ന സംഘര്‍ഷത്തിന് അറുതി വരുത്തി ദൊക് ലായില്‍നിന്ന് കഴിഞ്ഞ ദിവസം ഇരു രാജ്യങ്ങളും സൈന്യത്തെ പിന്‍വലിച്ചിരുന്നു.
എന്നാല്‍ ഇന്ത്യ മാത്രമേ അതിര്‍ത്തിയില്‍നിന്ന് സേനയെ പിന്‍വലിക്കുന്നുള്ളൂ എന്നായിരുന്നു ചൈനയുടെ നിലപാട്. ഇന്ത്യന്‍ സൈന്യമാണ് ആദ്യം ഡോക്‌ലാമില്‍ നിന്നും പിന്മാറിയത്. ഭൂട്ടാന്റെ അധീനതയിലുള്ള ഡോക്‌ലാം ചൈനയുടെ നിയന്ത്രണത്തിലുള്ള ഭാഗമാണെന്നും വാങ് യി ആവര്‍ത്തിച്ചു. ഇവിടെയുള്ള അതിര്‍ത്തിയില്‍ ഇന്ത്യ അനധികൃതമായി കയറിയത് മൂലമാണ് പ്രശ്‌നമുണ്ടാവാന്‍ കാരണമായത്. ഇന്ത്യന്‍ സൈന്യം ഇപ്പോള്‍ ഇവിടെ നിന്നും പിന്‍വാങ്ങിയതിലൂടെ പ്രശ്‌നം പരിഹരിക്കപ്പെട്ടതായും വാങ് യി പറഞ്ഞു.
ചൈനയുടെ പ്രദേശത്ത് ഇന്ത്യ നിയമവിരുദ്ധമായി വിന്യസിച്ചിരുന്ന സേനയെയും സൈനികോപകരണങ്ങളും പിന്‍വലിക്കാമെന്ന് അറിയിച്ചെന്ന് നേരത്തെ ചൈന വാര്‍ത്താ കുറിപ്പ് പുറത്തിറക്കിയിരുന്നു. ഇന്ത്യയാണ് ആദ്യം ഡോക്‌ലാമില്‍ നിന്ന് പിന്‍വാങ്ങിയതെന്നാണ് ചൈന പറയുന്നതെങ്കിലും ഇരു രാജ്യങ്ങളും തമ്മില്‍ നടത്തിയ ചര്‍ച്ചയുടെ ഭാഗമായാണ് സൈന്യത്തെ പിന്‍വലിക്കാന്‍ ഇരു രാജ്യങ്ങളും തീരുമാനിച്ചതെന്നാണ് ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കുന്നത്.
ജൂണ്‍ 16 ന് ഇന്ത്യ – ഭൂട്ടാന്‍ – ചൈന അതിര്‍ത്തികള്‍ ഒന്നിക്കുന്ന ദൊക് ലായില്‍ അനധികൃതമായി ചൈന റോഡ് നിര്‍മാണം ആരംഭിച്ചതായിരുന്നു സംഘര്‍ഷത്തിന്റെ കാരണം. അടുത്തയാഴ്ച ചൈനയിലെ ഷിയാമെനില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കാനിരിക്കെയാണ് ദൊക് ലാം സംഘര്‍ഷത്തില്‍ അയവ് വന്നിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല