1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 6, 2012

ഓസീസിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് നാണം കെട്ട പരാജയം. ഇന്നിങ്‌സിനും 68 റണ്‍സിനുമാണ് ഇന്ത്യയുടെ വിശ്വോത്തര താരങ്ങള്‍ കംഗാരുക്കളുടെ മുന്നില്‍ മുട്ടുമടക്കിയത്. ഇതോടെ നാല് ടെസ്റ്റുകളുള്ള പരമ്പരയില്‍ കംഗാരുപ്പട അപരാജിത ലീഡ് സ്വന്തമാക്കി.

സെഞ്ച്വറി തികഞ്ഞ സിഡ്‌നി ഗ്രൗണ്ടില്‍ സെഞ്ച്വറി കൊണ്ട് ആറാട്ട് നടത്തിയാണ് ഇന്ത്യന്‍ പടയെ ഓസീസുകാര്‍ തൂത്തെറിഞ്ഞത്. രണ്ടാമിന്നിംഗ്‌സില്‍ ആസ്‌ട്രേലിയ നേടിയ നാലിന് 659 എന്ന സ്‌കോര്‍ പിന്തുടര്‍ന്ന ഇന്ത്യ 400 റണ്‍സില്‍ എല്ലാവരും കൂടാരം കയറി. അഞ്ചു വിക്കറ്റ് വീഴ്ത്തിയ ഹില്‍ഫെന്‍ഹോസ് ആണ് ഇന്ത്യയെ തകര്‍ത്തത്. മെല്‍ബണിലെ ആദ്യ മത്സരം വിജയിച്ച ആസ്‌ട്രേലിയ ഇതോടെ നാലു മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയില്‍ 2-0ന് മുന്നിലെത്തി.

തോല്‍വി ഉറപ്പാക്കി നാലാം ദിനം കളിയ്ക്കിറങ്ങിയ ഇന്ത്യയ്ക്ക് ഇന്നിങ്‌സ് പരാജയം പോലും ഒഴിവാക്കാന്‍ കഴിഞ്ഞില്ല. 468 റണ്‍സ് ലീഡ് വഴങ്ങിയ ഇന്ത്യ മൂന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ രണ്ടാംം ഇന്നിംഗ്‌സില്‍ രണ്ടുവിക്കറ്റ് നഷ്ടത്തില്‍ 114 എന്നനിലയിലായിരുന്നു.

68 റണ്‍സുമായി ഗൗതം ഗംഭീറും എട്ടു റണ്‍സുമായി സച്ചിന്‍ തെണ്ടുല്‍ക്കറുമാണ് നാലാം ദിനം കളി ആരംഭിച്ചത്. രാവിലെ മുതല്‍ ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ സച്ചിന്‍ ഇന്ത്യയുടെ സ്‌കോര്‍ വേഗം കൂട്ടി. സ്‌കോര്‍ 168ല്‍ നില്‍ക്കുമ്പോള്‍ പീറ്റര്‍ സിഡിലിന്റെ പന്തില്‍ വാര്‍ണര്‍ക്കു ക്യാച്ച് നല്‍കി ഗംഭീര്‍ മടങ്ങി. 83 റണ്‍സുമായാണ് ഗംഭീര്‍ ക്രീസ് വിട്ടത്. ഏറെക്കാലത്തിന് ശേഷമുള്ള മികച്ച പ്രകടനം ഗംഭീറിന് അടുത്ത ടെസ്റ്റുകളില്‍ ആത്മവിശ്വാസം നല്‍കുമെന്നുറപ്പാണ്.

പിന്നീട് സച്ചിനൊപ്പം ക്രീസിലെത്തിയ വിവിഎസ് ലക്ഷ്മണ്‍ മികച്ച രീതിയിലാണ് ഓസീസ് ബൗളര്‍മാരെ നേരിട്ടത്. നാലാം ദിനം ലഞ്ചിനു പിരിയുന്നതിനു മുമ്പ് സച്ചിനും ലഞ്ച് ടൈമിനു ശേഷം ലക്ഷ്മണും അര്‍ധസെഞ്ചുറി തികച്ചു. 89 പന്തില്‍ നിന്നു സച്ചിന്‍ അര്‍ധ സെഞ്ചുറി നേടിയപ്പോള്‍ 92 പന്തില്‍ നിന്നാണ് ലക്ഷ്മണ്‍ 50 റണ്‍സ് പൂര്‍ത്തിയാക്കിയത്.

ഒടുവില്‍ ലോകം ഏറെ നാളായി കാത്തിരിയ്ക്കുന്ന സെഞ്ചുറിയില്‍ സെഞ്ചുറിയെന്ന നേട്ടത്തിന് തൊട്ടടുത്ത് വച്ച് സച്ചിന്‍ ഏവരെയും ഞെട്ടിച്ച് പുറത്തായി. ഓസീസ് ക്യാപ്റ്റന്‍ മൈക്കിള്‍ ക്ലാര്‍ക്കിന്റെ പന്തില്‍ ഹസിയ്ക്കു ക്യാച്ച് നല്‍കിയ സച്ചിന്‍ ഒരിക്കല്‍കൂടി ആരാധകരില്‍ നിരാശപ്പടര്‍ത്തി ഗ്യാലറിയിലേക്ക് മടങ്ഹി.
80 റണ്‍സുമായി സെഞ്ചുറിയിലേയ്ക്കുള്ള കുതിപ്പിനിടെയായിരുന്നു സച്ചിന്റെ അപ്രതീക്ഷിത പുറത്താകല്‍. ഇതോടെ ഇന്ത്യ നാലിന് 271 എന്ന നിലയിലായി.

സച്ചിനു പിന്നാലെ ഹില്‍ഫന്‍സിന്റെ പന്തില്‍ ലക്ഷ്മണ്‍ ബൗള്‍ഡ്. 66 റണ്‍സായിരുന്നു ലക്ഷ്മണിന്റെ അക്കൊണ്ടിലുണ്ടായിരുന്നു. ഇതോടെ ഇന്ത്യ 276ന് അഞ്ച് എന്ന നിലയിലേയ്ക്കു തകര്‍ന്നു. ഹില്‍ഫന്‍സിന്റെ തൊട്ടടുത്ത ഓവറില്‍ രണ്ട് റണ്‍സ് സമ്പാദ്യവുമായി ക്യാപ്റ്റന്‍ ധോണിയും കൂടാരം കയറിയതോടെ ഇന്ത്യ നാലാം ദിനം തോല്‍ക്കുമെന്ന കാര്യം ഉറപ്പായി. ഒന്‍പതു റണ്‍സുമായി കോഹ്‌ലിയും മടങ്ങി. കോഹ്‌ലിയെ പാറ്റിസണ്‍ എല്‍ബിഡബ്ല്യൂവില്‍ കുടുക്കുകയായിരുന്നു. വാലറ്റത്ത് അശ്വിനും (62) സഹീര്‍ഖാനും (35) നടത്തിയ പോരാട്ടമാണ് തോല്‍വിയുടെ ആഘാതം അല്പമെങ്കിലും കുറച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.