സ്വന്തം ലേഖകൻ: ഇന്ത്യയ്ക്കും പശ്ചിമേഷ്യക്കും യൂറോപ്പിനുമിടയില്‍ സാമ്പത്തിക ഏകീകരണം സാധ്യമാക്കാന്‍ ലക്ഷ്യമിട്ടുള്ള സംയുക്തവ്യാപാര സാമ്പത്തിക ഇടനാഴി പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി, യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, സൗദി അറേബ്യന്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍, യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ എന്നിവര്‍ ചേര്‍ന്നാണ് കരാര്‍ പ്രഖ്യാപിച്ചത്. കടല്‍ മാര്‍ഗവും റെയില്‍ മാര്‍ഗവും ബന്ധിപ്പിക്കുന്ന ഇടനാഴിക്കാണ് കരാറായത്.
ഇന്ത്യ, യുഎഇ, സൗദി അറേബ്യ, യൂറോപ്യന്‍ യൂണിയന്‍, ഫ്രാന്‍സ്, ഇറ്റലി, ജര്‍മനി, അമേരിക്ക എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് ഇത്തരത്തിലെ ആദ്യ കരാറാണിത്. ഇന്ത്യയും പശ്ചിമേഷ്യയും അമേരിക്കയും തമ്മിലുള്ള സാമ്പത്തിക സഹകരണത്തിനുള്ള ഏറ്റവം ഫലപ്രദമായ മാധ്യമമായിരിക്കും ഇതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ജി20 ഉച്ചകോടിക്കിടെയാണ് കരാര്‍ സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. ചൈന- പാകിസ്താന് സാമ്പത്തിക ഇടനാഴി പദ്ധതിയെ നേരിടുന്നതായിരിക്കും പദ്ധതിയെന്നാണ് കരുതപ്പെടുന്നത്. ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിക്ക് ബദലെന്നാണ് കരുതപ്പെടുന്നത്.
വാര്‍ത്താവിനിമയം, ട്രെയിന്‍, തുറമുഖ, ഊര്‍ജ ശൃംഖല, ഹൈഡ്രജന്‍ പൈപ്പുകള്‍ എന്നിവയില്‍ സഹകരണം സാധ്യമാക്കുകയാണ് ലക്ഷ്യം. ശക്തമായ കണക്ടിവിറ്റിയും അടിസ്ഥാനസൗകര്യങ്ങളുമാണ് മനുഷ്യനാഗരികതയുടെ അടിസ്ഥാനമെന്ന് പറഞ്ഞ പ്രധാനമന്ത്രി, ഭൗതിക അടിസ്ഥാന സൗകര്യങ്ങള്‍ക്കു പുറമേ സാമൂഹിക- സാമ്പത്തിക സൗകര്യങ്ങളിലും മുന്‍പില്ലാത്തവിധത്തിലുള്ള നിക്ഷേപമാണ് രാജ്യം നടത്തുന്നതെന്നും അവകാശപ്പെട്ടു.
ഇത് വലിയ കരാറാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അഭിപ്രായപ്പെട്ടു. സുപ്രധാന സാമ്പത്തിക ഇടനാഴി സ്ഥാപിക്കുന്നതിനുള്ള ഘട്ടത്തിലെത്താന്‍ തങ്ങളോടൊപ്പം പ്രവര്‍ത്തിച്ചവര്‍ക്ക് സൗദി അറേബ്യന്‍ കീരിടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു. പദ്ധതി വലിയ അവസരങ്ങളാണ് വാഗ്ദാനം ചെയ്യുന്നതിനും ആളുകളെ ബന്ധിപ്പിക്കുന്നതിനുമായി ഏഷ്യയില്‍നിന്ന് മിഡില്‍ ഈസ്റ്റ് മുതല്‍ യൂറോപ്പ് വരെയുള്ള പ്രധാനപ്പെട്ട പദ്ധതിയാണിതെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല