1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 6, 2025

സ്വന്തം ലേഖകൻ: സൗദി അറേബ്യയിലേക്ക് ഇന്ത്യയടക്കം പതിനാലു രാജ്യങ്ങളിൽനിന്നുള്ള മൾട്ടിപ്പിൾ എൻട്രി വീസ നിർത്തലാക്കിയതായി സൂചന. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽനിന്നുള്ള വീസ നിർത്തലാക്കിയതായി ഈ മേഖലയിൽ പ്രവർത്തിക്കുന്ന ട്രാവൽ ഏജൻസികളും ജനറൽ സർവീസ് കേന്ദ്രങ്ങളും വ്യക്തമാക്കി. ഇന്ത്യ, പാക്കിസ്ഥാൻ, എത്യോപ്യ, ജോർദാൻ, ബംഗ്ലാദേശ്, അൾജീരിയ, സുഡാൻ, ഇറാഖ്, മൊറോക്കോ, യമൻ, ഇന്തോനേഷ്യ, ടുനീഷ്യ, ഈജിപ്ത്, നൈജീരിയ എന്നീ രാജ്യങ്ങളിൽനിന്നുള്ളവർക്കാണ് നിരോധനം.

കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് ഓൺലൈൻ പോർട്ടലിൽ മൾട്ടിപ്പിൾ എൻട്രി വീസ സേവനം അപ്രത്യക്ഷമായതെന്ന് പ്രമുഖ ജനറൽ സർവീസ് ഗ്രൂപ്പായ ഒയാസിസ് ജനറൽ മാനേജർ സുഹൈൽ സലീം പറയുന്നു. അതേസമയം, ഇതുസംബന്ധിച്ച് ഇതേവരെ ഔദ്യോഗിക അറിയിപ്പ് വന്നിട്ടില്ല. എന്നാൽ പാക്കിസ്ഥാനിലുള്ള ട്രാവൽ ഏജൻസികൾ സൗദി വിദേശകാര്യ വകുപ്പിനോട് ഇതുസംബന്ധിച്ച് വിശദീകരണം തേടിയപ്പോൾ താൽക്കാലികമായി മൾട്ടിപ്പിൾ വീസ സംവിധാനം നിർത്തിയതായി ഇ-മെയിൽ സന്ദേശം ലഭിച്ചിട്ടുണ്ട്. കൊച്ചി, കോഴിക്കോട് തുടങ്ങിയ വിഎഫ്എസ് കേന്ദ്രങ്ങളിൽ മൾട്ടിപ്പിൾ റീ എൻട്രി വീസ ഇപ്പോൾ അടിക്കുന്നുമില്ല.

സ്കൂൾ അവധി കണക്കുകൂട്ടി കുടുംബത്തെ സൗദിയിലെത്തിക്കാൻ വീസയ്ക്ക് അപേക്ഷിച്ചപ്പൊഴാണ് ഈ നിയന്ത്രണം പോർട്ടലിൽ കാണുന്നതെന്ന് ചിലർ പറയുന്നു. മധ്യവേനലവധിക്ക് എല്ലാ വർഷവും നാട്ടിൽ നിന്നും കുട്ടികളടക്കം കുടുബത്തെ മലയാളികളടക്കമുള്ളവർ സന്ദർശവീസ തരപ്പെടുത്തി എത്തിച്ചിരുന്നു, വാർത്ത ഓദ്യോഗിതമായി പുറത്തുവിട്ടിട്ടില്ലെങ്കിലും ആശങ്കയിലും നിരാശയിലുമാണ് പ്രവാസികൾ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.