സ്വന്തം ലേഖകന്‍: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനയിലെത്തി. ഏഷ്യയില്‍ രണ്ടു ഭീമന്മാരായ രാഷ്ട്രങ്ങളുടെ പരസ്പര ബന്ധത്തില്‍ ഏറെ നിര്‍ണായകമാണ് ഈ സന്ദര്‍ശനം. പ്രസിഡന്റ് ഷീ ജിന്‍ പിംഗിന്റെ നഗരമായ ഷിയാനിലാണ് മോദിയുടെ ചൈനാ പര്യടനത്തിന്റെ തുടക്കം.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ചൈനീസ് പ്രസിഡന്റ് ഷി ജിംഗ് പിംഗുമായുള്ള മോദിയുടെ മൂന്നാമത്തെ കൂടിക്കാഴ്ചയാണിത്. ഗുജറാത്ത് മുഖ്യന്ത്രി ആനന്ദി ബെന്‍ പട്ടേലും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസും മോദിയെ അനുഗമിക്കുന്നുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം മെച്ചപ്പെടുത്തുന്നതിനാണ് സന്ദര്‍ശനത്തില്‍ മുന്‍തൂക്കം നല്‍കുകയെന്നാണ് സൂചന.
രാജ്യത്തെ ട്രെയിന്‍ ഗതാഗതം ആധുനികവല്‍ക്കരിക്കുന്നതിനുള്ള മോദി സര്‍ക്കാരിന്റെ പ്രധാന പദ്ധതികള്‍ക്ക് നിക്ഷേപം ലഭ്യമാക്കുക, ഡല്‍ഹി ചെന്നൈ ബുള്ളറ്റ് ട്രെയിന്‍ എന്നീ പദ്ധതികളാണ് സാധ്യതാ പട്ടികയില്‍ മുന്നില്‍. പദ്ധതിയില്‍ ചൈന താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. പദ്ധതിക്കുള്ള സാധ്യതാ പഠനവും സെക്രട്ടറിതല ചര്‍ച്ചകളും പൂര്‍ത്തിയാവുകയും ചെയ്തു.
36 ബില്യണ്‍ ഡോളര്‍ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്കുള്ള ധാരണാപത്രത്തില്‍ ഇരു രാജ്യങ്ങളും ഒപ്പു വക്കുമെന്നാണ് സൂചന. ഇതിന് പുറമേ, നിരവധി ചെറുകിട അതിവേഗ റെയില്‍വേ പദ്ധതികള്‍ക്കും ചൈനീസ് നിക്ഷേപം ഇന്ത്യ പ്രതീക്ഷിക്കുന്നുണ്ട്. ഇന്ത്യയുടെ ടെക്‌സ്‌റ്റൈല്‍സ്, ഫാര്‍മസ്യൂട്ടിക്കല്‍, കാളയിറച്ചി ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ ചൈനയിലേക്കുള്ള കയറ്റുമതി വര്‍ദ്ധിപ്പിക്കുന്നതിന്, കയറ്റുമതി തീരുവകളില്‍ ഇളവ് അനുവദിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെടും.
അതേസമയം ഇന്ത്യയുമായുള്ള അതിര്‍ത്തി തര്‍ക്കങ്ങളും, സുരക്ഷാ പ്രശ്‌നങ്ങളും ചൈന മുന്നോട്ടു വക്കുമെന്നാണ് സൂചന. ചൈനക്കു പുറമേ മംഗോളിയയും ദക്ഷിണ കൊറിയയും മോദി സന്ദര്‍ശിക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല