1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 12, 2023

സ്വന്തം ലേഖകൻ: സംഘർഷം രൂക്ഷമായതോടെ നൈജറിൽ നിന്ന് ഇന്ത്യൻ പൗരന്മാർ എത്രയും പെട്ടെന്ന് ഒഴിയണമെന്ന മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രാലയം. നൈജറിലെ സ്ഥിതിഗതികൾ രാജ്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. ‘നൈജറിലെ സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണ്. നിലവിലെ സാഹചര്യത്തിൽ നൈജറിലുള്ള ഇന്ത്യൻ പൗരന്മാർ എത്രയും പെട്ടെന്ന് തന്നെ രാജ്യം വിടണം.

വ്യോമഗതാഗതം നിലവിൽ നിലച്ചു. അതിർത്തി കടന്ന് യാത്ര ചെയ്യുന്നവർ ആവശ്യമായ മുൻകരുതലുകളെടുക്കണം, ആവശ്യമായ സുരക്ഷ ഉറപ്പു വരുത്തണം’- വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. നൈജറിൽ പട്ടാള അട്ടിമറിയിലൂടെ പ്രസിഡന്റിനെ പുറത്താക്കിയിരുന്നു. പ്രസിഡന്റായിരുന്ന മുഹമ്മദ് ബസൗം നിലവിൽ വീട്ടുതടങ്കലിലാണ്. 2011 മുതല്‍ പ്രസിഡന്റിന്റെ സേനയുടെ മേധാവിയായി പ്രവര്‍ത്തിക്കുന്ന ജനറല്‍ അബ്ദുറഹ്‌മാനെ ഷിയാമി യുടെ നേതൃത്വത്തിലായിരുന്നു അട്ടിമറി.

ഭരണഘടന റദ്ദുചെയ്യുകയും ഭരണഘടനാസ്ഥാപനങ്ങള്‍ പിരിച്ചുവിടുകയും ചെയ്ത സൈന്യം തലസ്ഥാനമായ നിയാമെയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ അടച്ച് മുദ്രവെച്ചു. സേനകള്‍ചേര്‍ന്ന് നിലവിലെ ഭരണകൂടത്തിന് അന്ത്യംകുറിക്കുകയാണെന്നാണ് പട്ടാള അട്ടിമറിക്ക് നേതൃത്വം നല്‍കിയ ഷിയാമി ദേശീയ ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത് പറഞ്ഞത്.

നിലവിലെ സര്‍ക്കാര്‍ രാജ്യത്തിന്റെ സാമൂഹിക-സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിലും രാജ്യസുരക്ഷയുറപ്പാക്കുന്നതിലും പരാജയപ്പെട്ടുവെന്ന് അദ്ദേഹം ആരോപിച്ചു. ആഭ്യന്തര വിഷയമാണെന്നും വിദേശരാജ്യങ്ങള്‍ ഇടപെടരുതെന്നും പറഞ്ഞ ഷിയാമി രാഷ്ട്രീയ അനിശ്ചിതത്വം അവസാനിക്കുന്നതുവരെ വ്യോമ-കര അതിര്‍ത്തികള്‍ അടയ്ക്കുകയാണെന്നും പ്രഖ്യാപിച്ചു. പിന്നാലെ ജനറല്‍ അബ്ദുറഹ്‌മാനെ ഷിയാമി പുതിയ നേതാവായി സ്വയം പ്രഖ്യാപിക്കുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.