സ്വന്തം ലേഖകന്‍: ഇന്ത്യാ, പാക് അതിര്‍ത്തിയിലെ നുഴഞ്ഞുകയറ്റ തുരങ്കങ്ങള്‍ കണ്ടെത്താന്‍ പുതിയ സാങ്കേതിക വിദ്യയുമായി ഇന്ത്യ, ഭീകരര്‍ വെട്ടിലാകും. തുരങ്കങ്ങളും കുഴിബോംബുകളും കണ്ടെത്താന്‍ കഴിയുന്ന ഗ്രൗണ്ട് പെനട്രേറ്റിങ് റഡാര്‍ (ജി.പി.ആര്‍) ആണ് ഗവേഷകര്‍ വികസിപ്പിച്ചത്. ഇന്ത്യപാക് അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റം വ്യാപകമാകുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കം.
ആഭ്യന്തര സുരക്ഷയ്ക്കായുള്ള സാങ്കേതിക വിഭാഗമായ എന്‍സി.ഇ.ടി.ഐ.ഇ.എസിന്റെയും ഐഐടികളുടെയും സഹകരണത്തോടെയാണ് പ്രത്യേക റഡാര്‍ സാങ്കേതിക വിദ്യ വികസിപ്പിച്ചത്. പത്താന്‍കോട്ട് ആക്രമണത്തിന് ശേഷം അന്താരാഷ്ട്ര അതിര്‍ത്തിയ്ക്ക് 340 മീറ്റര്‍ ഉള്ളിലായി വായു സഞ്ചാരമുള്ള വന്‍ തുരങ്കം ഇന്ത്യന്‍ സൈന്യം കണ്ടെത്തിയിരുന്നു. സാംബ മേഖലയിലുള്ള ഈ തുരങ്കത്തില്‍ നിന്നും പത്താന്‍കോട്ട് സൈനീക താവളത്തിലേയ്ക്ക് 58 കിലോമീറ്റര്‍ മാത്രമായിരുന്നു അകലം.
ഇന്ത്യാപാക് അതിര്‍ത്തിയില്‍ 2001 നും 2016 നും ഇടയില്‍ ഏകദേശം എട്ടോളം തുരങ്കങ്ങളാണ് സൈന്യം കണ്ടെത്തിയത്. മയക്കുമരുന്നു കടത്തിനും, നുഴഞ്ഞുകയറ്റത്തിനുമാണ് ഈ തുരങ്കങ്ങള്‍ പ്രധാനമായും ഉപയോഗിച്ചിരുന്നത്
പരീക്ഷണ അടിസ്ഥാനത്തില്‍ പുതിയ സാങ്കേതികവിദ്യ പ്രയോഗിച്ചു തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. എല്ലാ കാലവസ്ഥയിലും വ്യത്യസ്ത ഭൂപ്രദേശങ്ങളിലും ഇത് വിജയകരമാണോ എന്നാണ് പരീക്ഷണം നടത്തുന്നതെന്ന് എന്‍സിഇടിഎഎസ് പ്രൊജക്ട് മാനേജര്‍ സീമ പരിവാള്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല