സ്വന്തം ലേഖകന്‍: ഇന്ത്യയുടെ കരിമ്പൂച്ചകളായ എന്‍എസ്ജി കമാന്‍ഡോകള്‍ക്ക് ഇനി അത്യാധുനിക ആയുധങ്ങള്‍. ഗ്രനേഡ് പ്രയോഗിക്കാന്‍ ശേഷിയുള്ള ഡ്രോണുകള്‍, റിമോട്ട് നിയന്ത്രിത കൈത്തോക്കേന്തിയ ‘ഡോഗോ റോബോട്ട്’, 20 മീറ്റര്‍ കനമുള്ള മതിലിനപ്പുറത്തുള്ള ദൃശ്യങ്ങള്‍ സുതാര്യമാക്കുന്ന 3ഡി റഡാര്‍ തുടങ്ങി ലോകത്തെ ഏറ്റവും മികച്ച ആയുധങ്ങളുമായാണ് കരിമ്പച്ചകള്‍ ഭീകര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങുക.
ഇന്ത്യന്‍ ബ്ലാക്ക് ക്യാറ്റുകള്‍ക്ക് ജര്‍മന്‍ പിഎസ്ജി 1 എന്ന സെമി ഓട്ടോമാറ്റിക്ക് സ്‌നൈപ്പര്‍ റൈഫിള്‍ മുന്‍പ് ലഭ്യമാക്കിയിരുന്നു. ടെലിസ്‌കോപ്പിക് ദൃഷ്ടി സാധ്യമാക്കുന്ന ഇതിന്റെ നവീകരിച്ച മോഡലാണ് നിലവില്‍ ഉപയോഗിക്കുന്നത്. ഇതിന് മുതല്‍കൂട്ടായിട്ടാണ് മറ്റ് അത്യാധുനിക ആയുധ സംവിധാനങ്ങള്‍. ഇസ്രയേല്‍ നിര്‍മിത ഡോഗോ റോബോട്ടുകളില്‍ ഘടിപ്പിട്ടുള്ള ക്യാമറയിലൂടെ പകര്‍ത്തിയെടുക്കുന്ന ദൃശ്യങ്ങളില്‍ നിന്നും ഒളിഞ്ഞിരിക്കുന്ന ഭീകരരുടെ കൃത്യസ്ഥാനം കമാന്‍ഡോ സംഘത്തിന് ലഭിക്കും.
ഇതോടൊപ്പം ഭീകരരുടെ കൈവശമുള്ള ആയുധങ്ങള്‍, ഭീകരരുടെ ചലനങ്ങള്‍ എന്നീ വിവരങ്ങളും കമാന്‍ഡോകള്‍ക്ക് കിട്ടും. റോബോയുടെ കൈവശമുള്ള കൈത്തോക്ക് പ്രയോഗിക്കാന്‍ ലക്ഷ്യസ്ഥാനത്തിന് അകലെയുള്ള കമാന്‍ഡോ സംഘത്തിന് അനായാസം കഴിയുമെന്നതും ഇതിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു. പത്താന്‍കോട്ട് ഭീകരാക്രമണത്തിനെതിരെ പോരാടന്‍ സേന ഉപയോഗിച്ച 2ഡി ‘ത്രൂ വാള്‍ ലാഡര്‍’ ന്റെ നവീകരിച്ച സംവിധാനമാണ് 3ഡി റഡാര്‍. ഇതിന്റെ സഹായത്തോടെ 20 മീറ്റര്‍ വരെ കനമുള്ള മതിലിനപ്പുറത്ത് നടക്കുന്ന ദൃശ്യങ്ങളുടെ 80 ഡിഗ്രി ത്രിമാന ദൃശ്യങ്ങള്‍ സൈന്യത്തിന് ലഭിക്കും.
കമാന്‍ഡോകളുടെ സാന്നിധ്യം ഭീകരരുടെ ശ്രദ്ധയില്‍ പെടാതെ തെന്നെ ആക്രമണം സാധ്യമാക്കുന്ന ഇസ്രയേല്‍യുഎസ് നിര്‍മിത ‘കോര്‍ണര്‍ ഷോട്ട്’ റൈഫിളുകള്‍ ബന്ദികളാക്കപ്പെട്ടവരുടെ സുരക്ഷിതത്വവും ഉറപ്പുവരുത്തുമെന്ന് ഉന്നത സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി. 2.6 കിലോഗ്രാം ഭാരം വരുന്ന ബുള്ളറ്റ് പ്രൂഫ് ബാലിസ്റ്റിക് ഹെല്‍മെറ്റുകളും അടച്ചിട്ട വാതിലുകളുടെ പൂട്ട് തകര്‍ക്കാന്‍ സഹായിക്കുന്ന ഇറ്റാലിയന്‍ ചെറുതോക്കുകളും സേനയ്ക്കായി നല്‍കുന്ന അത്യാധുനിക ആയുധ ശേഖരത്തില്‍ ഉള്‍പ്പെടുന്നുണ്ടെന്നും സൈനിക വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
ലോകത്തെ മുന്‍നിരരാജ്യങ്ങളിലെ ഭീകരവാദ വിരുദ്ധസേനകള്‍ ഉപയോഗിക്കുന്നതരം ആയുധങ്ങളാണ് എന്‍.എസ്.ജി.ക്ക് ലഭ്യമാക്കുന്നത്. നഗരപ്രദേശങ്ങളിലും 2008ലെ മുംബൈ ഭീകരാക്രമണത്തിലെപോലെ കെട്ടിടങ്ങള്‍ക്കുള്ളിലും പഠാന്‍കോട്ട് വ്യോമസേനാകേന്ദ്രത്തിലെപോലെ തുറന്ന പ്രദേശങ്ങളിലും ഭീകരവിരുദ്ധ നീക്കങ്ങള്‍ നടത്തേണ്ടിവരുന്ന സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് പുതിയ സംവിധാനങ്ങള്‍ സ്വന്തമാക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല