സ്വന്തം ലേഖകൻ: ഇന്ത്യന്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖറും ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിന് ഹൃദ്യമായ വരവേല്‍പ്പൊരുക്കി. ഇന്ത്യന്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ ക്ഷണ പ്രകാരമാണ് സുല്‍ത്താന്റെ ഇന്ത്യാ സന്ദര്‍ശനം. ഡല്‍ഹിയിലെ രാഷ്ട്രപതി ഭവനില്‍ ഊഷ്മള സ്വീകരണമാണ് ഏര്‍പ്പെടുത്തിയത്.
സുല്‍ത്താനും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചര്‍ച്ചകള്‍ നടത്തി. നയതന്ത്ര ബന്ധത്തില്‍ ഇരു നേതാക്കളും സംതൃപ്തി രേഖപ്പെടുത്തി. രാഷ്ട്രീയ സുരക്ഷാ സഹകരണം, പ്രതിരോധം, വ്യാപാരം, ഊര്‍ജ സുരക്ഷ, ആരോഗ്യരംഗം, വിദ്യാഭ്യാസം, സംസ്കാരം, ജനങ്ങളുടെ ബന്ധം അടക്കമുള്ള നയതന്ത്ര സഹകരണത്തിന്റെ സര്‍വതലസ്പര്‍ശിയായ ചര്‍ച്ചകള്‍ ഇരുവരും നടത്തി.
ബഹിരാകാശ മേഖലയിലേക്ക് സഹകരണം വ്യാപിപ്പിക്കുന്നത് നല്ല തീരുമാനമാണെന്ന് ഇരുവരും അഭിപ്രായപ്പെട്ടു. ജി20 ഉച്ചകോടിയില്‍ അതിഥിയായി ഒമാനെ ക്ഷണിച്ചതില്‍ സുല്‍ത്താന്‍ ഇന്ത്യയോട് കൃതജ്ഞത രേഖപ്പെടുത്തി. ജി20 ഉച്ചകോടി, വോയ്സ് ഓഫ് ഗ്ലോബല്‍ സൗത്ത് സമ്മിറ്റ് തുടങ്ങിയവ വിജയകരമായി സംഘടിപ്പിച്ച ഇന്ത്യയെ അദ്ദേഹം അഭിനന്ദിച്ചു.
ഭാവിയിലേക്കുള്ള പങ്കാളിത്തം എന്ന ശീര്‍ഷകത്തില്‍ ഒമാനും ഇന്ത്യയും സംയുക്ത വിഷന്‍ രൂപം നല്കി. നാവിക സഹകരണം, കണക്ടിവിറ്റി, ഊര്‍ജ സംരക്ഷണം, ഹരിതോര്‍ജം, ബഹിരാകാശം, സാങ്കേതികവിദ്യകള്‍, ആപ്പുകള്‍, ഡിജിറ്റല്‍ പേയ്മെന്റുകള്‍, സാമ്പത്തിക സഹകരണം, വ്യാപാരവും നിക്ഷേപവും, ആരോഗ്യം, ടൂറിസം, ഐ ടി, കൃഷി, ഭക്ഷ്യസുരക്ഷ പോലുള്ള വിശാലമായ തലങ്ങളില്‍ ഇരുരാജ്യങ്ങളും ഒന്നിച്ചുപ്രവര്‍ത്തിക്കും. ഭാവി പദ്ധതിയുടെ ഭാഗമായി നിശ്ചിത കര്‍മ തലങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. സന്ദര്‍ശനത്തിന്റെ ഭാഗമായി ഇന്ത്യയും ഒമാനും തമ്മില്‍ ആറ് ധാരണാപത്രങ്ങളും ഒപ്പുവെച്ചിട്ടുണ്ട്. പ്രധാനമന്ത്രി മോദിയെ സുല്‍ത്താനേറ്റ് സന്ദര്‍ശിക്കാന്‍ സുല്‍ത്താന്‍ ക്ഷണിച്ചിട്ടുമുണ്ട്.
സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ ഭാഗമായി സംയുക്ത സ്റ്റാമ്പ് പുറത്തിറക്കി. ഇന്ത്യയിലെ ഡാന്‍ഡ്ലി റാസ് നൃത്തവും ഒമാനിലെ അല്‍ റസ്ഹയും ഉള്‍പ്പെടുത്തിയുള്ള സ്റ്റാമ്പിന്റെ ചിത്രം ഒമാന്‍ പോസ്റ്റ് എക്സില്‍ പങ്കുവെച്ചു. ഗുജറാത്തില്‍ നിന്നുള്ള പരമ്പരാഗത നൃത്ത രൂപമാണ് ഡാന്‍ഡ്ലി റാസ്. ഒമാനില്‍ ഏറെ പ്രശസ്തമായ കലാരൂപമാണ് അല്‍ റസ്ഹ. നാഷനല്‍ ഗാലറി ഓഫ് മോഡേണ്‍ ആര്‍ട്ട് സന്ദര്‍ശിച്ചു.
ഇന്ത്യാ സന്ദര്‍ശനത്തിന്റെ ഭാഗമായി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് ന്യൂഡല്‍ഹിയിലെ നാഷനല്‍ ഗാലറി ഓഫ് മോഡേണ്‍ ആര്‍ട്ട് സന്ദര്‍ശിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പെയ്ന്റിംഗുകളും മ്യൂസിയത്തിലെ മറ്റു ശേഖരങ്ങളും സുല്‍ത്താന്‍ വിശദീകരിച്ചു നല്കി. വിദേശ, പാര്‍ലിമെന്ററി കാര്യ സഹമന്ത്രി വി മുരളീധരനും സന്നിഹിതരായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല