സ്വന്തം ലേഖകൻ: ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ ബിന്‍ ഹമദ് അല്‍ ബുസൈദി ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറുമായി ന്യൂഡൽഹിയിൽ ചർച്ച നടത്തി. ജി20 ഉച്ചകോടിയുടെ ഭാഗമായി നടന്ന ‘റൈസിന ഡയ്ലോഗ്’ സെഷനിലാണ് ഇരുവരും ചർച്ച നടത്തിയത്. ഇരു രാഷ്ട്രങ്ങള്‍ക്കുമിടയിലെ ഉഭയകക്ഷിബന്ധവും വിവിധ മേഖലകളിലെ സഹകരണവും ചര്‍ച്ച ചെയ്തു. നേരത്തേ നരേന്ദ്ര മോദിയുമായും ഒമാന്‍ വിദേശകാര്യ മന്ത്രി ചര്‍ച്ച നടത്തുകയും സുല്‍ത്താന്റെ സന്ദേശം കൈമാറുകയും ചെയ്തിരുന്നു.
ഊർജ ചലനാത്മകത, കാലാവസ്ഥ വ്യതിയാനം, പ്രാദേശിക, അന്തർദേശീയ സഹകരണം എന്നിവയുമായി ബന്ധപ്പെട്ട് മേഖലയിലെ വെല്ലുവിളികളെയും അവസരങ്ങളെയും അഭിസംബോധന ചെയ്ത് ‘റൈസിന ഡയ്ലോഗ്’ സെഷനിൽ സയ്യിദ് ബദർ സംസാരിച്ചു.
മിഡിലീസ്റ്റ് മേഖലയുടെ ഭൗമരാഷ്ട്രീയ പ്രാധാന്യം അദ്ദേഹം പ്രസംഗത്തിൽ എടുത്തുപറഞ്ഞു. എണ്ണയുടെയും വാതകത്തിന്റെയും ഫോസിൽ ഊർജ സ്രോതസ്സുകളെ ആശ്രയിക്കുന്ന സമ്പദ്വ്യവസ്ഥയിൽനിന്ന് പുനരുപയോഗിക്കാവുന്നതും ശുദ്ധവുമായ ഊർജത്തെ ആശ്രയിക്കുന്ന ആധുനിക സമ്പദ്വ്യവസ്ഥയിലേക്കുള്ള പരിവർത്തന പ്രക്രിയയുടെ ഫലമായി മേഖലക്കും ലോകത്തിനുമുണ്ടാകുന്ന അവസരങ്ങളെക്കുറിച്ചും അദ്ദേഹം സ്പർശിച്ചു.
വിവിധ രാജ്യങ്ങൾ, സംഘടനകൾ, ഗവേഷണ സ്ഥാപനങ്ങൾ എന്നിവയുടെ ക്രിയാത്മക സഹകരണത്തിലൂടെ ഈ അവസരങ്ങൾ പ്രയോജനപ്പെടുത്താമെന്നും മന്ത്രി വിശദീകരിച്ചു. പുനരുപയോഗ ഊർജവുമായി ബന്ധപ്പെട്ട നിക്ഷേപങ്ങൾ ആകർഷിക്കാൻ ഒമാൻ നൽകുന്ന സൗകര്യങ്ങളും അദ്ദേഹം എടുത്തുപറഞ്ഞു.
ഇന്ത്യയിലെ ഒമാൻ അംബാസഡർ ഇസ സാലിഹ് അൽ ഷിബാനി, വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തിലെ വിദേശ വ്യാപാര, അന്താരാഷ്ട്ര സഹകരണ ഉപദേഷ്ടാവ് പങ്കജ് ഖിംജി, മന്ത്രിയുടെ ഓഫിസ് വകുപ്പ് മേധാവി ഖാലിദ് ഹാഷിൽ അൽ മുസെൽഹി, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല