1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 18, 2024

സ്വന്തം ലേഖകൻ: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയം അംഗീകരിച്ച് കേന്ദ്ര മന്ത്രിസഭ. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സമർപ്പിച്ച റിപ്പോർട്ട് മന്ത്രിസഭ അംഗീകരിച്ചു. ഇത് സംബന്ധിച്ച് കേന്ദ്രം ബില്‍ കൊണ്ടുവരാനൊരുങ്ങുന്നുവെന്ന റിപ്പോർട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരിന്നു. വരുന്ന ശീതകാല സമ്മേളനത്തില്‍ ബില്‍ കൊണ്ടുവരാനാണ് നീക്കം. കഴിഞ്ഞ മാർച്ചിലായിരുന്നു രാംനാഥ് കോവിന്ദ് അധ്യക്ഷനായ ഉന്നതതല സമിതി റിപ്പോർട്ട് കേന്ദ്രത്തിന് സമർപ്പിച്ചത്.

ഇന്നായിരുന്നു മന്ത്രിസഭയ്ക്ക് മുന്നില്‍ ഉന്നതതല സമിതി റിപ്പോർട്ട് എത്തിയത്. ആദ്യ ഘട്ടത്തില്‍‌ ലോക്‌സഭയിലേക്കും നിയമസഭയിലേക്കും ഒരുമിച്ച് തിരഞ്ഞെടുപ്പ് നടത്താമെന്നാണ് സമിതിയുടെ നിർദേശം. ഇതിന് 100 ദിവസത്തിന് ശേഷം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടത്താമെന്നുമാണ് സമിതി ശുപാർശ ചെയ്തിരിക്കുന്നത്. രാജ്യത്തെ തിരഞ്ഞെടുപ്പ് പ്രക്രിയ കൂടുതല്‍ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യവും നീക്കത്തിനുപിന്നിലുണ്ട്.

കേന്ദ്ര സർക്കാരിനെ നയിക്കുന്ന നരേന്ദ്ര മോദി തന്നെയാണ് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയത്തിന്റെ ഏറ്റവും വലിയ വക്താവ്. കഴിഞ്ഞ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിലും മോദി ഇതേക്കുറിച്ച് പരാമർശനം നടത്തിയിരുന്നു.

“തുടർച്ചയായി നടക്കുന്ന തിരഞ്ഞെടുപ്പുകള്‍ രാജ്യത്തിന്റെ പുരോഗതിയെ തടസപ്പെടുത്തുന്നു. എല്ലാ പദ്ധതികളും സംരംഭങ്ങളും തിരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തുന്നത് എളുപ്പമായിരിക്കുന്നു. മൂന്ന് അല്ലെങ്കില്‍ ആറ് മാസം കൂടുമ്പോള്‍ തിരഞ്ഞെടുപ്പുകളുണ്ടാകുന്നു. എല്ലാം പ്രവർത്തനങ്ങളും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്,” മോദി വ്യക്തമാക്കി.

ഉന്നതതല സമിതി 18 ഭരണഘടനാ ഭേദഗതികളാണ് ശുപാർശ ചെയ്തിട്ടുള്ളത്. ഇവയില്‍ മിക്കതിനും സംസ്ഥാന നിയമസഭകളുടെ അംഗീകാരം ആവശ്യമുള്ളവയല്ല. ഒറ്റ വോട്ടർപട്ടിക, ഒറ്റ വോട്ടർ ഐഡി കാർഡ് എന്നിവ സംബന്ധിച്ചുള്ള നിർദേശിച്ച മാറ്റങ്ങള്‍ക്ക് സംസ്ഥാനത്തിന്റെ അംഗീകാരം വേണം. ഇതെല്ലാം സംബന്ധിച്ചുള്ള നിയമ കമ്മിഷന്റെ റിപ്പോർട്ട് ഉടൻ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.