സ്വന്തം ലേഖകൻ: ഇസ്രയേലില്‍നിന്ന് തിരികെ എത്തുന്ന മലയാളികളെ സഹായിക്കുന്നതിന് ന്യൂഡല്‍ഹി കേരള ഹൗസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇവരെ സ്വീകരിക്കുന്നതിനും തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും എയര്‍പോര്‍ട്ടില്‍ ഹെല്‍പ് ഡെസ്‌കും സജ്ജമാക്കും. കണ്‍ട്രോള്‍ റൂം നമ്പര്‍: 011 23747079.
ഓപ്പറേഷന്‍ അജയുടെ ഭാഗമായി ഇസ്രയേലിലെ ബെന്‍ ഗുരിയന്‍ വിമാനത്താവളത്തില്‍നിന്ന് 230 ഇന്ത്യക്കാരുമായി ആദ്യ ചാര്‍ട്ടേഡ് വിമാനം വ്യാഴാഴ്ച രാത്രി ഒന്‍പതുമണിക്ക് തിരിക്കും. ഒക്ടോബര്‍ പതിനെട്ടാം തീയതിവരെ ദിവസം ഒന്ന് എന്ന നിലയ്ക്ക് വിമാനങ്ങള്‍ ഇന്ത്യയില്‍നിന്ന് പുറപ്പെടുമെന്ന് വിദേശകാര്യ മന്ത്രാലയം ഇന്ന് വ്യക്തമാക്കി.
ഇന്ന് പ്രത്യേക വിമാനത്തില്‍ എത്തിയവരില്‍ ഏഴ് മലയാളികളുമുണ്ട്. പി.എച്ച്.ഡി വിദ്യാര്‍ഥികളായ കണ്ണൂര്‍ ഏച്ചൂര്‍ സ്വദേശി അച്ചുത് എം.സി, മലപ്പുറം പെരിന്തല്‍മണ്ണ മേലാറ്റൂര്‍ സ്വദേശി ശിശിര മാമ്പറംകുന്നത്ത്, പോസ്റ്റ് ഡോക്ടറല്‍ ഗവേഷകരായ തിരുവനന്തപുരം സ്വദേശി ദിവ്യ റാം, പാലക്കാട് സ്വദേശി നിള നന്ദ, മലപ്പുറം ചങ്ങരംകുളം സ്വദേശി രാധികേഷ് രവീന്ദ്രന്‍ നായര്‍, ഭാര്യ രസിത ടി.പി, ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനി കൊല്ലം കിഴക്കുംഭാഗം സ്വദേശി ഗോപിക ഷിബു എന്നിവരാണ് പ്രത്യേക വിമാനത്തിലെത്തിയ മലയാളികള്‍. വിസ്താര വിമാനത്തില്‍ ഇവര്‍ വെള്ളിയാഴ്ചതന്നെ തിരുവനന്തപുരത്തെത്തും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല