സ്വന്തം ലേഖകന്‍: ഇന്ത്യ, ചൈന ബലാബലം മുറുകുന്നു, വിസാ പ്രശ്‌നം കാണിച്ച് മൂന്നു ചൈനീസ് പത്രപ്രവര്‍ത്തകരെ ഇന്ത്യ പുറത്താക്കി. ചൈനീസ് വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവായുടെ ഡല്‍ഹി ബ്യൂറോയില്‍ നിന്നുമാണ് മൂന്ന് മാധ്യമപ്രവര്‍ത്തകരെ ഇന്ത്യ പുറത്താക്കിയത്. ഇവരുടെ വിസ പുതുക്കില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ജൂലൈ 31ന് മുമ്പ് ഇന്ത്യ വിടണമെന്നും വിദേശകാര്യ മന്ത്രാലയത്തിന്റെ അറിയിപ്പില്‍ പറയുന്നു. ഡല്‍ഹി ബ്യൂറോയിലെ വു ഖ്യാങ്,ലു ടാങ്, മുംബൈ റിപ്പോര്‍ട്ടര്‍ ഷി യോഗാങ് എന്നിവരോടാണ് രാജ്യം വിടാന്‍ നിര്‍ദ്ദേശിച്ചത്.ചൈനീസ് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള വാര്‍ത്താ ഏജന്‍സിയാണ് സിര്‍ഹുവ.
സാധാരണയായി മാധ്യമപ്രവര്‍ത്തകരുടെ വിസ പുതുക്കല്‍ വൈകിപ്പിക്കലാണ് പുറത്താക്കാനായി ഇരു രാജ്യങ്ങളും ചെയ്യുന്നത്. മൂന്നു പേരുടെയും വിസയുടെ കാലാവധി ഈ വര്‍ഷം ആദ്യം അവസാനിച്ചതാണ്. ഇതാദ്യമായാണ് വിസ പുതുക്കല്‍ നിരസിക്കുന്നത്. പുറത്താക്കുന്നതിന് കൃത്യമായ വിശദീകരണം മന്ത്രാലയം നല്‍കിയില്ലെങ്കിലും മൂന്നു പേരും ഏറെ നാളായി സുരക്ഷാ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായിരുന്നു എന്നാണ് സൂചന.
ഇതിനു പകരമായി ചൈനയിലുള്ള ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരെ ചൈന പുറത്താക്കുമെന്നും സൂചനയുണ്ട്. ഇന്ത്യയുടെ എന്‍.എസ്.ജി അംഗത്തില്‍ ചൈനയുടെ എതിര്‍പ്പ് നിലനല്‍ക്കുന്ന സാഹചര്യത്തില്‍ പത്രപ്രവര്‍ത്തകരെ പുറത്താക്കിയത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ കൂടുതല്‍ വഷളാക്കുമെന്നാണ് നിരീക്ഷകര്‍ കരുതുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല