1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 3, 2012

കംഗാരുക്കളുടെ തീപാറും പന്തുകള്‍ക്ക് മുന്നില്‍ ഒരിയ്ക്കല്‍ കൂടി ഇന്ത്യ ബാറ്റിങ് നിര തകര്‍ന്നടിഞ്ഞു. രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 191 റണ്‍സിന് പുറത്ത്. 59.3 ഓവറില്‍ ഇന്ത്യന്‍ ബാറ്റിങ് നിരയുടെ കഥകഴിഞ്ഞു. നാലു വിക്കറ്റെടുത്ത ജെയിംസ് പാറ്റിന്‍സണും മൂന്നു വിക്കറ്റുകള്‍ വീതം വീഴ്ത്തിയ പീറ്റര്‍ സിഡിലും ഹില്‍ഫന്‍ഹോസും ചേര്‍ന്നാണ് ഇന്ത്യയെ നാണം കെടുത്തിയത്. 57 റണ്‍സുമായി പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ ധോണിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍..തുടര്‍ന്ന് മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് ആദ്യ ദിനം സ്റ്റംപെടുക്കുമ്പോള്‍ മൂന്നു വിക്കറ്റിന് 116 റണ്‍സെന്ന നിലയിലാണ്. 47 റണ്‍സെടുത്ത് ക്യാപ്റ്റന്‍ മൈക്കല്‍ ക്ളാര്‍ക്കും 44 റണ്‍സുമായി മുന്‍ നായകന്‍ റിക്കി പോണ്ടിങ്ങുമാണ് ക്രീസില്‍. ഏഴു വിക്കറ്റ് കൈയിലിരിക്കെ സന്ദര്‍ശക സ്കോര്‍ മറികടക്കാന്‍ ആസ്ട്രേലിയക്ക് 76 റണ്‍സ് കൂടി മതി.

തകര്‍ച്ചയോടെയായിരുന്നു ഇന്ത്യയുടെ തുടക്കം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ പേസ് ആക്രമണം അതിജീവിയ്ക്കാനായില്ല. സ്‌കോര്‍ ബോര്‍ഡില്‍ ഒരു റണ്‍സ് മാത്രമുള്ളപ്പോള്‍ ഫോം കണ്ടെത്താനാവാതെ ഉഴലുന്ന ഗൗതം ഗംഭീര്‍ സംപൂജ്യനായി മടങ്ങി.

കഴിഞ്ഞ ടെസ്റ്റിലെ ഹീറോ പാറ്റിസനായിരുന്നു ഇത്തവണയും ഇന്ത്യയുടെ അന്തകനായത്. ഗംഭീറിനെ പാറ്റിസന്‍ പുറത്താക്കിയതിന് പിന്നാലെ വന്ന രാഹുല്‍ ദ്രാവിഡ് അഞ്ചു റണ്ണുമായി പീറ്റര്‍ സിഡിലിന് വിക്കറ്റ് നല്‍കി. 51 പന്തില്‍ 30 റണ്‍സ് നേടിയ സെവാഗിനെ പാറ്റിന്‍സണ്‍ ബ്രാഡ് ഹാഡിന്റെ കൈകളിലെത്തിച്ചു. രണ്ട് റണ്‍ മാത്രം നേടിയ ലക്ഷ്മണും പാറ്റിന്‍സണ് വിക്കറ്റ് സമ്മാനിച്ചു.

തുടര്‍ന്ന് സച്ചിന്‍ ടെണ്ടുല്‍ക്കറും വിരാട് കോഹ്‌ലിയും (23) വിക്കറ്റ് നഷ്ടമില്ലാതെ ഊണ് സമയം വരെ പിടിച്ചു നിന്നു. 37 റണ്‍സാണ് അഞ്ചാം വിക്കറ്റില്‍ ഇരുവരും നേടിയത്. തന്റെ ഭാഗ്യ മൈതാനമായ സിഡ്‌നിയില്‍ നൂറാം സെഞ്ച്വറി ലക്ഷ്യമിട്ട സച്ചിന്‍ മികച്ച രീതിയില്‍ ബാറ്റു ചെയ്‌തെങ്കിലും തുടരെ വിക്കറ്റുകള്‍ വീണത് സച്ചിനെ സമ്മര്‍ദ്ദത്തിലാക്കി.

ഊണിന് ശേഷം കളി ആരംഭിച്ചപ്പോള്‍ വിരാട് കോഹ്‌ലിയാണ് ആദ്യം പുറത്തായത്. നൂറാം സെഞ്ച്വറി മോഹവുമായി ഇറങ്ങിയ വ്യക്തിഗത സ്‌കോര്‍ 41ല്‍ നില്‍ക്കെ ടെണ്ടുല്‍ക്കറിനെ പാറ്റിന്‍സണ്‍ കഌന്‍ബൗള്‍ ചെയ്തു. ഏഴാം വിക്കറ്റില്‍ ക്യാപ്റ്റന്‍ ധോണിയും അശ്വിനും ചേര്‍ന്ന് നേടിയ 54 റണ്‍സ് ആണ് ഇന്നിങ്‌സിലെ ഇന്ത്യയുടെ മികച്ച കൂട്ടുകെട്ട്.

മികച്ച ഫോമിലുള്ള രോഹിത് ശര്‍മയ്ക്ക് രണ്ടാം ടെസ്റ്റിലും ടീമിലിടം കണ്ടെത്താനായില്ല. നാലു ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ ഇന്ത്യ തോറ്റിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.