സ്വന്തം ലേഖകന്‍: ഇന്ത്യയും പാകിസ്താനും ബംഗ്ലാദേശും വീണ്ടും ഒന്നിച്ച് ഒരു രാജ്യമാകുമെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി. ബിജെപിആര്‍എസ്എസ് നേതാവ് റാം മാധവാണ് 60 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചരിത്രപരമായ കാരണങ്ങളാല്‍ വിഘടിച്ചുപോയ ഇന്ത്യയും പാക്കിസ്ഥാനും ബംഗ്ലാദേശും വീണ്ടും ഒരുമിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ചത്. രാജ്യാന്തര മാധ്യമമായ അല്‍ ജസീറയ്ക്കു നല്‍കിയ അഭിമുഖത്തിലായിരുന്നു ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൂടിയായ റാം മാധവിന്റെ അഭിപ്രായ പ്രകടനം.
ഇന്ത്യ പാക്കിസ്ഥാന്‍ ബംഗ്ലാദേശ് ഇവ ഒരുമിച്ചു ചേര്‍ന്ന് അഖണ്ഡ് ഭാരത് അഥവാ വിഭജിക്കാത്ത ഇന്ത്യ രൂപീകൃതമാകുമെന്നാണ് ആര്‍ എസ് എസ് ഇപ്പോഴും പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. യുദ്ധം കൊണ്ടല്ല ഈ രാജ്യങ്ങളിലെ ജനങ്ങളുടെ ആഗ്രഹപ്രകാരമാകും അത്തരമൊരു രൂപീകരണം സാധ്യമാവുകയെന്നും അദ്ദേഹം വ്യക്തമാക്കി.
അടുത്തിടെ ഉയര്‍ന്ന അസഹിഷ്ണുത വിവാദത്തിനും റാം മാധവ് മറുപടി പറഞ്ഞു. സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തുക എന്ന ഉദ്ദേശത്തോടുകൂടിയുള്ളതാണ് ഇത്തരം ആരോപണങ്ങള്‍. അത് രാജ്യത്തിന്റെ കീര്‍ത്തിക്ക് പേരുദോഷമുണ്ടാക്കുന്നതാണെന്ന് റാ മാധവ് പറഞ്ഞു. ഇതിന്റെ പേരില്‍ എഴുത്തുകാരുടെ പ്രതിഷേധം തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണെന്ന തന്റെ വാദത്തില്‍ അദ്ദേഹം ഉറച്ചുനിന്നു. ഹിന്ദു എന്നതുകൊണ്ട് ഒരു സംസ്‌കാരത്തെയാണ് ഉദ്ദേശിച്ചത്. പ്രത്യേക ജീവിതരീതിയിലുള്ള സ്ഥലമാണിത്. ഒരേ സംസ്‌കാരമുള്ള ഇതിനെ ഹിന്ദു എന്നു വിളിക്കുന്നതില്‍ നിങ്ങള്‍ക്ക് എതിര്‍പ്പുണ്ടോ? ഒരു ജനതയും ഒരു സംസ്‌കാരവുമാണ് തങ്ങള്‍ക്കുള്ളതെന്നും അദ്ദേഹം വിശദീകരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല