സ്വന്തം ലേഖകന്‍: അതിര്‍ത്തിയില്‍ ഇന്ത്യന്‍ പതാകയേക്കാള്‍ ഉയരത്തില്‍ പാക് പതാക ഉയര്‍ത്തി പാകിസ്താന്റെ സ്വാതന്ത്യ്ര ദിനാഘോഷം. എഴുപതാം സ്വാതന്ത്ര്യദിനത്തില്‍ 400 അടി ഉയരത്തില്‍ ദേശീയപതാക ഉയര്‍ത്തി പാക്കിസ്ഥാന്‍. 120 അടി നീളവും 80 അടി വീതിയുമുള്ള ഈ പതാക വലിപ്പത്തിന്റെ കാര്യത്തില്‍ തെക്കനേഷ്യയില്‍ ഒന്നാം സ്ഥാനവും ലോകത്തില്‍ എട്ടാം സ്ഥാനവും സ്വന്തമാക്കി.
പാക്കിസ്ഥാനില്‍ കഴിഞ്ഞ ദിവസമാണ് സ്വാതന്ത്ര്യദിനം ആഘോഷിച്ചത്. ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന വാഗായില്‍ പാക് പട്ടാള മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വയാണ് കൂറ്റന്‍ പതാക ഉയര്‍ത്തിയത്. പാക്കിസ്ഥാനിലെ എല്ലാ തീവ്രവാദികളെയും വധിക്കുമെന്നു പതാക ഉയര്‍ത്തല്‍ ചടങ്ങില്‍ സംസാരിക്കവെ ജനറല്‍ ബജ്‌വ പറഞ്ഞു. ചടങ്ങിന് എത്തിയവര്‍ വിഭജനകാലത്ത് കൊല്ലപ്പെട്ടവര്‍ക്കായി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
കഴിഞ്ഞ മാര്‍ച്ചില്‍ അട്ടാരിയില്‍ ഇന്ത്യ ഉയര്‍ത്തിയ പതാകയേക്കാള്‍ ഉയരം വരും ഈ പതാകയ്ക്ക്. 360 അടി ഉയരത്തിലാണ് ഇന്ത്യ അട്ടാരിയില്‍ പതാക ഉയര്‍ത്തിയത്. ലാഹോറില്‍ നിന്ന് വരെ ഈ ഇന്ത്യന്‍ പതാക കാണാന്‍ കഴിയുമെന്നത് പാകിസ്താന്‍ ഭരണ കൂടത്തിന്റെ വലിയ എതിര്‍പ്പിന് വഴിവെച്ചിരുന്നു. ഇതിനുള്ള മറുപടിയെന്നോണം പാകിസ്താനും ഉയരമുള്ള പതാക ഉയര്‍ത്തുമെന്ന് ജൂലൈയില്‍ തന്നെ പ്രഖ്യാപനവും ഉണ്ടായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല