സ്വന്തം ലേഖകന്‍: യുദ്ധക്കൊതി കാണിച്ചാല്‍ വലിയ വിലകൊടുക്കേണ്ടി വരുമെന്ന് ഇന്ത്യക്ക് പാക് പ്രതിരോധ മന്ത്രിയുടെ മുന്നറിയിപ്പ്. അതിര്‍ത്തിയില്‍ ഇരു രാജ്യങ്ങളുടേയും സൈനികര്‍ വെടിവപ്പ് തുടരുന്നതിനിടെയാണ് പുതിയ പ്രകോപനവുമായി പാക്കിസ്ഥാന് പ്രതിരോധ മന്ത്രി ഖ്വാജാ ആസിഫ് രംഗത്തെത്തിയത്.
പാക്കിസ്ഥാനുമായി എപ്പോള്‍ വേണമെങ്കിലും ചെറിയൊരു യുദ്ധമുണ്ടായേക്കാമെന്നും അതിനായി ഇന്ത്യന്‍ സൈന്യം സദാ സന്നദ്ധരായിരിക്കണമെന്ന ഇന്ത്യന്‍ കരസേനാ മേധാവി ദല്‍ബീര്‍ സിങ്ങിന്റെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു ഖ്വാജാ ആസിഫ്.
പാക്കിസ്ഥാന് സമാധാനമാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ എന്തെങ്കിലും പ്രകോപനം ഉണ്ടായാല്‍ ശക്തമായി തിരിച്ചടിക്കും. ഇന്ത്യന്‍ നേതൃത്വത്തിന് യുദ്ധക്കൊതി പിടിപെട്ടാല്‍ പാക്കിസ്ഥാന് ഇന്ത്യയ്ക്കു മേല്‍ വലിയ നാശനഷ്ടങ്ങള്‍ വരുത്തും. ചെറുതോ വലുതോ ആയ യുദ്ധത്തിന് ഇന്ത്യ ഒരുങ്ങിയാല്‍ ശക്തമായ തിരിച്ചടി നല്കാന് പാക്കിസ്ഥാനും പൂര്‍ണ സജ്ജമാണ്.
ഞങ്ങളുടെ സൈനികര്‍ വര്‍ഷങ്ങളായി ഭീകരരുമായി ഏറ്റുമുട്ടി പരിചയം ഉള്ളവരാണ്. വെല്ലുവിളികള്‍ക്ക് എങ്ങനെ മറുപടി നല്‍കണമെന്ന് അവര്‍ക്കറിയാം ഖ്വാജാ ആസിഫ് വ്യക്തമാക്കി. പാക്കിസ്ഥാനിലെ ഒരു റേഡിയോ പരിപാടിയില്‍ പങ്കെടുക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രതികരണങ്ങള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല