സ്വന്തം ലേഖകന്‍: ഇന്ത്യയും പാകിസ്താനും ക്രിക്കറ്റ് മൈതാനത്ത് ശത്രുക്കളെങ്കില്‍ ഫേസ്ബുക്കില്‍ ഭായി ഭായി. ലോകകപ്പ് ട്വന്റി20 ക്രിക്കറ്റില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരത്തെ യുദ്ധമെന്നും ജീവന്മരണ പോരാട്ടമെന്നും വിശേഷിപ്പിച്ച് ആരാധകര്‍ കാത്തിരിക്കുമ്പോഴാണ് ഫേസ്ബുക്കില്‍ രസകരമായ ഒരു സംഗതി അരങ്ങേറുന്നത്.
പതിനായിരക്കണക്കിന് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ തങ്ങളുടെ പ്രൊഫൈല്‍ ചിത്രങ്ങള്‍ പാകിസ്താന്റെ ‘ഫ്രെയിം’ നല്‍കിയാണ് അപ്ലോഡ് ചെയ്തിരിക്കുന്നത്. പാക് ക്രിക്കറ്റ് ആരാധകരാവട്ടെ ഇന്ത്യയോടുള്ള ആദര സൂചകമായി ഇന്ത്യയുടെ ‘ഫ്രെയിം’ നല്‍കിയും തങ്ങളുടെ പ്രൊഫൈല്‍ ചിത്രങ്ങള്‍ അപ്ലോഡ് ചെയ്യുന്നുണ്ട്.
ഫേസ്ബുക്കിന്റെ പ്രൊഫൈല്‍ ഫോര്‍ പീസ് എന്ന ക്യാംപെയിന്റെ ഭാഗമായാണിത്. ഫേസ്ബുക്കില്‍ നടക്കുന്ന ഈ അത്ഭുത കാഴ്ച ഫേസ്ബുക്ക് സ്ഥാപകന്‍ സക്കര്‍ബര്‍ഗിന്റെ ശ്രദ്ധയും പിടിച്ചുപറ്റി. ‘ഫേസ്ബുക്കില്‍ ഇന്ത്യയിലും പാകിസ്താനിലുമായി വളരെ അഴകുള്ളതും രസകരമായ ചില കാര്യങ്ങള്‍ നടക്കുകയാണ്’ എന്ന് സുക്കര്‍ബര്‍ഗ് തന്റെ ഫേസ്ബുക്ക് പേജില്‍ കുറിക്കുകയും ചെയ്തു.
ഇന്ത്യയും പാകിസ്താനും ശത്രുക്കളായി കഴിയേണ്ടവരല്ലെന്നും പരസ്പരം സ്നേഹിക്കാന്‍ ഇഷ്ടപ്പെടുന്ന സമൂഹമാണ് ഇരു രാജ്യങ്ങളിലേതുമെന്ന പൊതു വികാരമാണ് ആരാധകര്‍ ഫേസ്ബുക്കിലൂടെ പങ്കുവയ്ക്കുന്നത്. പാക് ഗായകന് ഗുലാം അലിയുടെ ഇന്ത്യാ സന്ദര്‍ശനം ചില സംഘടനകള്‍ വിലക്കിയതിന് പിന്നാലെ ഇരു രാജ്യത്തുമായി ഉയര്‍ന്നുവന്ന ക്യാംപെയിനാണ് പ്രൊഫൈല്‍ ഫോര്‍ പീസ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല