സ്വന്തം ലേഖകന്‍: അടിച്ചാല്‍ തിരിച്ചടിക്കാന്‍ അറിയാം, പാകിസ്താന് ചുട്ട മറുപടിയുമായി ഇന്ത്യ. പാക്കിസ്ഥാന്‍ സൈനിക മേധാവി ജനറല്‍ റഹീല്‍ ഷരീഫിന്റെ പ്രകോപനപരമായ പ്രസ്താവനകള്‍ക്ക് മറുപടി പറയുകയായിരുന്നു ഇന്ത്യ. വെറുതെ വിടുവായത്തം പറയുന്നവര്‍ പറയട്ടെയെന്ന് കേന്ദ്ര മന്ത്രിയും മുന്‍ സൈനിക മേധാവിയുമായ വി.കെ. സിംഗ് വ്യക്തമാക്കി. കശ്മീര്‍ എന്നും ഇന്ത്യയുടെ അവിഭാജ്യ ഘടകമായിരുന്നുവെന്നും അത് എന്നും അങ്ങിനെ തന്നെ തുടരുമെന്നും കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങും വ്യക്തമാക്കി.
ആക്രമിക്കുമ്പോള്‍ എങ്ങനെ തിരിച്ചടിക്കണമെന്ന് ഇന്ത്യക്ക് അറിയാമെന്നും അതിന് നമ്മള്‍ പൂര്‍ണ സജ്ജരാണെന്നും വി.കെ സിംഗ് വ്യക്തമാക്കി. പാക്കിസ്ഥാനും ജമ്മു കശ്മീരും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടെങ്കില്‍ അത് പാക്കിസ്ഥാന്റെ നിയമവിരുദ്ധമായ ഇടപെടലില്‍ നിന്നും പാക്ക് അധീന കശ്മീരിനെ മോചിപ്പിച്ച് ഇന്ത്യയുടെ ഭാഗമാക്കാം എന്നതു മാത്രമാണെന്നും ജിതേന്ദ്ര സിങും വ്യക്തമാക്കി.
കശ്മീരെന്നത് വിഭജനത്തിന്റെ പൂര്‍ത്തിയാക്കാത്ത അജന്‍ഡയാണെന്നും ഇനിയൊരു യുദ്ധമുണ്ടായാല്‍ ഇന്ത്യയ്ക്കു താങ്ങാനാകില്ല, അങ്ങനെയൊരു അബദ്ധം ഇന്ത്യയുടെ ഭാഗത്തു നിന്നുണ്ടായാല്‍ അത് സഹിക്കാനാകാത്ത പ്രത്യാഘാതമുണ്ടാക്കുമെന്നുമായിരുന്നു റഹീല്‍ ഷരീഫിന്റെ മുന്നറിയിപ്പ്. ഈ പ്രതികരണത്തിനാണ് ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള മറുപടി വന്നത്.
നിരപരാധികളാണ് അനീതിക്കും അക്രമത്തിനും കശ്മീരില്‍ ഇരയാകുന്നത്. കശ്മീരിനെക്കുറിച്ച് ഒരു പ്രമേയം കൊണ്ടുവന്നാല്‍ സമാധാനമുണ്ടാകില്ല. വിഷയം മാറ്റിവയ്ക്കാനാകില്ല. ഐക്യരാഷ്ട്ര സംഘടനയുടെ പ്രമേയങ്ങളനുസരിച്ചു കശ്മീര്‍ വിഷയം പരിഹരിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നുവെന്നുമാണ് പാക്കിസ്ഥാന്‍ സൈനിക മേധാവി പറഞ്ഞത്. ഏത് ആക്രമണം നേരിടാനും പാക്കിസ്ഥാന്റെ സൈന്യം സജ്ജമെന്നും സൈനിക മേധാവി വ്യക്തമാക്കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല