സ്വന്തം ലേഖകന്‍: ചര്‍ച്ച അലസിയതിന്റെ പേരില്‍ ഇന്ത്യക്ക് പാക് മാധ്യമങ്ങളുടെ വക പൊങ്കാല. ഇന്ത്യയിലെയും പാകിസ്താനിലെയും സുരക്ഷാ ഉപദേശകര്‍ തമ്മില്‍ നടക്കേണ്ടിയിരുന്ന ചര്‍ച്ച പൊളിഞ്ഞതിന് ഇന്ത്യയാണ് കാരണമെന്ന് ഭൂരിപക്ഷം പാക് മാധ്യമങ്ങളും കുറ്റപ്പെടുത്തി. ഇന്ത്യ മുന്‍ ഉപാധികള്‍ വെക്കുകയാണെന്നാരോപിച്ചാണ് ഞായറാഴ്ച ഡല്‍ഹിയില്‍ തുടങ്ങേണ്ടിയിരുന്ന ചര്‍ച്ചയില്‍നിന്ന് പാകിസ്താന്‍ പിന്മാറിയത്.
ഇന്ത്യന്‍ ദേശീയോപദേഷ്ടാവ് അജിത് ഡോവലും പാക് ദേശീയോപദേഷ്ടാവ് സര്‍താജ് അസീസും തമ്മിലാണ് ചര്‍ച്ച നിശ്ചയിച്ചിരുന്നത്. തീവ്രവാദം അടക്കമുള്ള വിഷയങ്ങളുടെ തെളിവുകള്‍ ഇരുരാജ്യങ്ങളും ഇതിനായി തയ്യാറാക്കിയിരുന്നതുമാണ്.
ഇരുരാജ്യങ്ങളും തമ്മിലുള്ള പല തര്‍ക്കങ്ങളും പറഞ്ഞുതീര്‍ക്കാന്‍ പറ്റിയ അവസരം ഇന്ത്യ തകര്‍ത്തതായാണ് കുറ്റപ്പെടുത്തല്‍. കശ്മീര്‍പ്രശ്‌നം ഇപ്പോള്‍ ചര്‍ച്ചചെയ്യാനാവില്ലെന്നും ഇന്ത്യയിലെത്തിയാല്‍ പാക് ദേശീയ സുരക്ഷാ ഉപദേഷ്ടാവ്, ഹുറിയത്ത് വിഘടനവാദിനേതാക്കളെ കാണരുതെന്നും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.
പാകിസ്താനിലെ ഒട്ടുമിക്കപത്രങ്ങളും ഒന്നാംപേജില്‍ത്തന്നെ ഇന്ത്യയെ കുറ്റപ്പെടുത്തിയാണ് വാര്‍ത്ത നല്‍കിയത്. ഇന്ത്യ ഉപാധിവെച്ചു; ഉന്നതതലചര്‍ച്ച റദ്ദാക്കി എന്നാണ് പാകിസ്താനിലെ പ്രധാന ദിനപത്രം ‘ഡോണ്‍’ വാര്‍ത്തനല്‍കിയത്. ഉപാധികളുമായി ചര്‍ച്ചയില്ലെന്ന് ഇന്ത്യയോട് പാകിസ്താന്‍ എന്നാണ് ‘ന്യൂസ് ഇന്റര്‍നാഷണല്‍’ തലക്കെട്ട് നല്‍കിയത്. പാക്ഇന്ത്യ ബന്ധം ശക്തമാക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടിയെന്നാണ് ‘എക്‌സ്പ്രസ്സ് ട്രിബ്യൂണ്‍’ അഭിപ്രായപ്പെട്ടത്.
റഷ്യയിലെ യുഫയില്‍ മോദിഷെറീഫ് കൂടിക്കാഴ്ചയില്‍ ഉരുത്തിരിഞ്ഞ ആശയം ഇന്ത്യയുടെ പിടിവാശിമൂലം മുടങ്ങിയതായും ട്രിബ്യൂണ്‍ കുറ്റപ്പെടുത്തി. ഇന്ത്യയുടെ ദുര്‍വാശി സമാധാനശ്രമത്തിന് തിരിച്ചടിയായെന്ന് ‘ദ നാഷന്‍’ പത്രവും എഴുതി.
അതേസമയം പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് നയപരമായ സമീപനം ഉണ്ടായാല്‍ മാത്രം ചര്‍ച്ച തുടര്‍ന്നാല്‍ മതിയെന്ന കര്‍ശന നിലപാടിലാണ് ഇന്ത്യ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല