സ്വന്തം ലേഖകൻ: യുഎൻ രക്ഷാകൗൺസിലിൽ കശ്മീർ വിഷയം ഉയർത്തിക്കാട്ടിയ പാകിസ്താനെതിരേ രൂക്ഷവിമർശനവുമായി ഇന്ത്യ. അൽഖ്വയ്ദ നേതാവ് ഒസാമ ബിൻലാദനെ സംരക്ഷിച്ച, അയൽരാജ്യത്തെ പാർലമെന്റ് ആക്രമിച്ച ഒരു രാജ്യത്തിന് ധർമോപദേശം നടത്താന്‍ യാതൊരു യോഗ്യതയുമില്ലെന്ന് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ പറഞ്ഞു.
യുഎൻ കൗൺസിലിൽ രാജ്യങ്ങൾ തമ്മിലുള്ള അന്താരാഷ്ട്ര ബന്ധവുമായി ബന്ധപ്പെട്ട ചർച്ചക്കിടെ പാക് വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോ കശ്മീർ പ്രശ്നം ഉയർത്തിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു എസ്. ജയ്ശങ്കറുടെ രൂക്ഷവിമർശനം.
‘ലോകം അംഗീകരിക്കാത്ത ഒരു കാര്യത്തെക്കുറിച്ച് ചോദ്യം ഉയർത്തേണ്ട കാര്യംപോലുമില്ല. അതിര്‍ത്തികടന്നുള്ള ഭീകരപ്രവര്‍ത്തനത്തിന് ഭരണകൂടം പിന്തുണ നല്കുന്ന കാര്യത്തിനും അത് ബാധകമാണ്. അൽഖ്വയ്ദ നേതാവ് ഒസാമ ബിൻലാദനെ സംരക്ഷിച്ച, അയൽരാജ്യത്തിന്റെ പാർലമെന്റ് ആക്രമിച്ച ഒരു രാജ്യത്തിന് യുഎന്‍ രക്ഷാകൗൺസിലിനു മുന്നില്‍ ധർമോപദേശം നടത്താന്‍ യാതൊരു യോഗ്യതയുമില്ല’, ജയശങ്കർ പറഞ്ഞു.
തീർച്ചയായും, ഞങ്ങൾ എത്രയും പെട്ടെന്നുതന്നെ അന്താരാഷ്ട്ര ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. ഞങ്ങൾക്ക് ഞങ്ങളുടേതായ കാഴ്ചപ്പാടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാലാവസ്ഥാ വ്യതിയാനം, തീവ്രവാദം, രാജ്യങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ, പകർച്ചവ്യാധി തുടങ്ങി സുപ്രധാനവെല്ലുവിളികളോടുള്ള കാര്യക്ഷമമായ പ്രതികരണമാണ് യുഎന്നിന്റെ വിശ്വാസ്യതയെ നിർണയിക്കുകയെന്നും അദ്ദേഹം യുഎൻ രക്ഷാ കൗൺസിലിൽ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല