സ്വന്തം ലേഖകന്‍: റിയോ പാരാലിമ്പിക്‌സില്‍ തലയുയര്‍ത്തി ഇന്ത്യ, മടങ്ങുന്നത് ചരിത്രനേട്ടവുമായി. ചരിത്രത്തില്‍ ആദ്യമായി 19 പേരടങ്ങുന്ന സംഘത്തെയാണ് ഇന്ത്യ അയച്ചത്. പാരാലിമ്പിക്‌സ് ചരിത്രത്തിലെ മികച്ച നേട്ടവുമായാണ് സംഘം റിയോയില്‍നിന്ന് മടങ്ങുമ്പോള്‍ ഇന്ത്യ സ്വന്തമാക്കിയത് രണ്ടു സ്വര്‍ണവും ഒന്നു വീതം വെള്ളിയും വെങ്കലവും.
മെഡലുകളെല്ലാം അത്‌ലറ്റിക്‌സില്‍ ആയിരുന്നു എന്ന പ്രത്യേകതയുമുണ്ട്. പുരുഷന്മാരുടെ ഹൈജംപില്‍ മാരിയപ്പന്‍ തങ്കവേലുവും ജാവലിന്‍ ത്രോയില്‍ ദേവേന്ദ്ര ഝജാരിയയുമാണ് സ്വര്‍ണം നേടിയത്. ഷോട്ട്പുട്ടില്‍ ദീപ മാലിക് വെള്ളിയും ഹൈജംപില്‍ വരുണ്‍ സിങ് ഭാട്ടി വെങ്കലവും നേടി.
പുരുഷന്മാരുടെ ക്‌ളബ്‌ത്രോയില്‍ അമിത് കുമാറും ജാവലിനില്‍ സന്ദീപും പവര്‍ലിഫ്റ്റിങ്ങില്‍ ഫര്‍മാന്‍ ബാഷയും നാലാം സ്ഥാനത്തത്തെിയതും നേട്ടമായി. തമിഴ്‌നാട് സ്വദേശി തങ്കവേലുവിന്റെ സ്വര്‍ണ നേട്ടത്തോടെയാണ് ഇന്ത്യയുടെ തുടക്കം. 1.89 മീറ്റര്‍ താണ്ടിയാണ് ഈ സേലം സ്വദേശി സ്വര്‍ണമണിഞ്ഞത്.
1.86 മീറ്ററായിരുന്നു വരുണ്‍ സിങ് പിന്നിട്ടത്. ദീപ മാലിക് 4.61 മീറ്റര്‍ ദൂരത്തേക്ക് വീല്‍ചെയറിലിരുന്ന് എറിഞ്ഞ ഷോട്ട് ചരിത്രമാവുകയായിരുന്നു. പാരാലിമ്പിക്‌സില്‍ മെഡല്‍ നേടുന്ന ഇന്ത്യയുടെ ആദ്യ വനിതയും ഏറ്റവും പ്രായം കൂടിയ അത്‌ലറ്റുമെന്ന ബഹുമതിയാണ് ഹരിയാനക്കാരിയായ ദീപ സ്വന്തമാക്കിയത്.
സ്വന്തം ലോകറെക്കോഡ് തിരുത്തിയ ദേവേന്ദ്ര ഝജാരിയ ജാവലിനില്‍ രണ്ടാം പാരാലിമ്പിക്‌സ് സ്വര്‍ണമാണ് നേടിയത്. 2004 ലായിരുന്നു അദ്ദേഹത്തിന്റെ ആദ്യ സ്വര്‍ണം. പാരാലിമ്പിക്‌സിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഒളിമ്പിക്‌സ് മെഡല്‍ ജേതാക്കള്‍ക്ക് നേരിട്ട് ഖേല്‍ര്തന നല്‍കുന്നതുപോലെ പാരാലിമ്പിക്‌സില്‍ മെഡല്‍ നേടിയവര്‍ക്കും നേരിട്ട് ഖേല്‍രത്‌ന നല്‍കണമെന്ന ആവശ്യം ശക്തമാകുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല