1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 4, 2024

സ്വന്തം ലേഖകൻ: വോട്ടെണ്ണല്‍ പുരോഗമിക്കവേ രാജ്യത്ത് എന്‍ഡിഎ മുന്നണി കേവല ഭൂരിപക്ഷ കടന്നെങ്കിലും ഇന്ത്യ മുന്നണിയും സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ തുടങ്ങി. ചന്ദ്രബാബു നായിഡു, നിതീഷ് കുമാര്‍ എന്നിവരെ തങ്ങള്‍ക്കൊപ്പം കൂട്ടാനുള്ള ശ്രമമാണ് കോണ്‍ഗ്രസ് നേതൃത്വം ആരംഭിച്ചത്. എന്‍ഡിഎയുടെ ലീഡ് നില കേവലഭൂരിപക്ഷവും കടന്ന് മൂന്നൂറിലേക്ക്. ശക്തമായ പോരാട്ടവുമായി ഇന്ത്യ മുന്നണിയും രംഗത്തുണ്ട്. 215 സീറ്റുകളിലാണ് ഇന്ത്യ മുന്നണിയുടെ ലീഡ്.

കേന്ദ്രത്തിൽ സർക്കാർ രൂപീകരിക്കാൻ ആവശ്യമായ 272 സീറ്റുകളുടെ കേവലഭൂരിപക്ഷം ഒറ്റയ്ക്ക് നേടാൻ ബിജെപിക്ക് കഴിയാതെ പോയതോടെ സഖ്യ കക്ഷി പാർട്ടികളുടെ പിന്തുണ തേടി പാർട്ടിയുടെ ദേശീയ നേതൃത്വം. 240 സീറ്റുകൾ പോലും നേടാൻ ബിജെപിക്ക് സാധിക്കാത്ത നിലയാണുള്ളത്. തെലുഗു ദേശം പാർട്ടിയുടേയും ജെഡിയുവിന്റേയും പിന്തുണയാണ് ബിജെപി തേടുന്നത്.

ബിജെപിക്ക് 238 സീറ്റുകളിൽ മാത്രമാണ് ലീഡുള്ളത്. ആന്ധ്രാ പ്രദേശിൽ ചന്ദ്രബാബു നായ്ഡു നേതൃത്വം നൽകുന്ന തെലുഗു ദേശം പാർട്ടി മത്സരിച്ച 17ൽ 16 സീറ്റുകളിലും ലീഡ് ചെയ്യുകയാണ്. ബിഹാറിൽ ജെഡിയു മത്സരിച്ച 17 സീറ്റുകളിൽ 15ലും അവർ ലീഡ് ചെയ്യുന്നുണ്ട്. ലോക് ജനശക്തി പാർട്ടി (എൽജെപി) അഞ്ച് സീറ്റുകളിലും, ശിവസേനയുടെ ഏക്നാഥ് ഷിൻഡെ മഹാരാഷ്ട്രയിൽ ആറ് സീറ്റുകളിലും, ജെഡിഎസ് മൂന്ന് സീറ്റുകളിലും, പവൻ കല്ല്യാണിന്റെ ജനസേന പാർട്ടി ആന്ധ്രയിൽ രണ്ട് സീറ്റുകളിലും ലീഡ് തുടരുകയാണ്.

ദക്ഷിണേന്ത്യയിലും ഹിന്ദി ഹൃദയഭൂമി എന്നറിയപ്പെടുന്ന ഉത്തരേന്ത്യയിലും ബിജെപിക്ക് തിരിച്ചടി നേരിട്ടതോടെയാണ് ബിജെപിയുടെ നില പരുങ്ങലിലായത്. തെലങ്കാനയിൽ 8 സീറ്റുകളിൽ അവർ ലീഡ് ചെയ്യുന്നുണ്ട്. കേരളത്തിൽ ഒരു സീറ്റ് നേടാനായിരുന്നു. സുരേഷ് ഗോപിയാണ് ബിജെപിക്ക് ചരിത്രവിജയം സമ്മാനിച്ചത്.

2019ൽ കർണാടകയിൽ 28ൽ 25 സീറ്റുകളിലും വിജയിച്ച ബിജെപിക്ക് ഇക്കുറി 17 സീറ്റുകളിൽ മാത്രമെ ജയിക്കാനായിട്ടുള്ളൂ. കർണാടകയിൽ 8 സീറ്റുകളിൽ കോൺഗ്രസും ലീഡ് ചെയ്യുന്നുണ്ട്. തമിഴ്‌നാട്ടിൽ ബിജെപി കുറച്ച് സീറ്റുകൾ നേടുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പാർട്ടി ഒന്നിലും മുന്നിട്ട് നിൽക്കുന്നില്ല. എന്നിരുന്നാലും, അതിൻ്റെ വോട്ട് വിഹിതം കഴിഞ്ഞ തവണത്തെ 3.62 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ 9% കടന്നു. ആന്ധ്രാ പ്രദേശിൽ ബിജെപി 3 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. കഴിഞ്ഞ തവണ ആന്ധ്രയിൽ ഇതൊന്നും ഉണ്ടായിരുന്നില്ല.

സഖ്യകക്ഷികളിൽ ടിഡിപിയാണ് ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്താൻ ഒരുങ്ങുന്നത്. സ്വന്തം നിലയിൽ ആന്ധ്രാ പ്രദേശ് നിയമസഭയിൽ കേവല ഭൂരിപക്ഷം നേടി അവർ അധികാരത്തിൽ തിരിച്ചെത്തിയിരിക്കുകയാണ്. ബിഹാറിൽ എഴുതിത്തള്ളിയ ജെഡിയുവും വീണ്ടും നിർണായക ശക്തിയാകുന്നുണ്ട്. 2014ൽ ബിജെപി ഒറ്റയ്ക്ക് 282 സീറ്റുകൾ നേടി അധികാരത്തിലെത്തുകയും, മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം കേവലഭൂരിപക്ഷം നേടുന്ന ആദ്യ പാർട്ടിയായി മാറുകയും ചെയ്തിരുന്നു. 2019ൽ അത് 303 ആയി ഉയർന്നിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.