1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 13, 2021

സ്വന്തം ലേഖകൻ: മലിനീകരണമുണ്ടാക്കുന്ന വാഹനങ്ങള്‍ പൊളിക്കുന്നതിനായുള്ള വാഹന പൊളിക്കല്‍ നയം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. രാജ്യത്തിന്റെ വികസന യാത്രയിലെ പുതിയ നാഴികക്കല്ല് എന്ന വിശേഷണത്തോടെയാണ് പ്രധാനമന്ത്രി പൊളിക്കല്‍ നയം(scrappage policy) പ്രഖ്യാപിച്ചിരിക്കുന്നത്. ഗുജറാത്തില്‍ നടക്കുന്ന നിക്ഷേപക സംഗമത്തിലാണ് ഈ സുപ്രധാന പ്രഖ്യാപനമുണ്ടായിരിക്കുന്നത്.

കാര്യക്ഷമതയില്ലാത്തതും മലിനീകരണം സൃഷ്ടിക്കുന്നതുമായി വാഹനങ്ങള്‍ പൊളിച്ചുനീക്കുകയാണ് ലക്ഷ്യം. ഇത് മലിനീകരണ മുക്തവും പ്രകൃതി സൗഹാര്‍ദവുമായ അന്തരീക്ഷം സൃഷ്ടിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. രാജ്യത്തെ യുവാക്കളും സ്റ്റാര്‍ട്ട്അപ്പുകളും ഈ ഉദ്യമത്തോട് സഹകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

പൊളിക്കല്‍ നയം പൊതുജനങ്ങള്‍ക്ക് ഗുണപ്രദമാണെന്നും മോദി അറിയിച്ചു. പ്രധാനമായും പഴയ വാഹനം പൊളിച്ച് പുതിയ വാഹനം വാങ്ങുന്നവര്‍ക്ക് രജിസ്‌ട്രേഷന്‍ ചാര്‍ജുകള്‍ സൗജന്യമായിരിക്കും. ഇതിനൊപ്പം റോഡ് നികുതിയും ഇളവ് നല്‍കുന്നുണ്ട്. പരിപാലന ചെലവ്, റിപ്പയറിനും മറ്റുമുള്ള തുക, ഉയര്‍ന്ന ഇന്ധനക്ഷമത തുടങ്ങിയ നേട്ടങ്ങളുണ്ടാകുമെന്ന് നയം പ്രഖ്യാപിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു

ഫിറ്റല്ലാത്ത ഒരു കോടിയോളം വാഹനങ്ങള്‍ ഇന്ത്യയില്‍ ഓടുന്നുണ്ടെന്ന്‌ ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. അതുകൊണ്ട് തന്നെ വാഹനങ്ങള്‍ പൊളിക്കുന്നത് കാലപ്പഴക്കം പരിഗണിച്ച് ആയിരിക്കില്ല. മറിച്ച് വാഹനങ്ങളുടെ ഫിറ്റ്‌നെസ് പരിശോധിച്ച് അതില്‍ പരാജയപ്പെടുന്ന വാഹനങ്ങളായിരുന്നു പൊളിക്കുക എന്നാണ് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചിരിക്കുന്നത്.

വാഹനം പൊളിക്കല്‍ നയം പ്രാബല്യത്തില്‍ വരുത്തുന്നതിന്റെ ഭാഗമായി രാജ്യത്തുടനീളം ഫിറ്റ്‌നെസ് പരിശോധിക്കുന്നതിനുള്ള ടെസ്റ്റിങ്ങ് സ്‌റ്റേഷനുകളും രജിസ്‌ട്രേഡ് വെഹിക്കിള്‍ സ്‌ക്രാപ്പിങ്ങ് കേന്ദ്രങ്ങളും തുറക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ആദ്യഘട്ടമെന്നോണം 70 വാഹന പൊളിക്കല്‍ കേന്ദ്രങ്ങള്‍ ഒരുക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നയം പ്രഖ്യാപിച്ച് അറിയിച്ചിട്ടുണ്ട്.

പൊളിക്കല്‍ നയം പ്രാബല്യത്തില്‍ വരുന്നതോടെ ഇന്ത്യയിലെ വാഹനശ്രേണികള്‍ കൂടുതല്‍ നവീനമാകുമെന്നും മികച്ച വാഹനങ്ങള്‍ നിരത്തുകളില്‍ എത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു. മലിനീകരണമുണ്ടാക്കുന്ന പഴയ വാഹനങ്ങള്‍ ശാസ്ത്രീയമായി നശിപ്പിക്കുന്നതിനുള്ള സാധ്യതകളും ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്നാണ് മോദി ഉറപ്പ് നല്‍കിയിരിക്കുന്നത്.

പഴയ വാഹനങ്ങള്‍ പൊളിക്കാന്‍ നല്‍കി, പുതിയ വാഹനം വാങ്ങുന്ന ഉപയോക്താക്കള്‍ക്ക് നിരവധി ആനുകൂല്യങ്ങളാണ് സര്‍ക്കാര്‍ ഒരുക്കുന്നത്. വാഹനങ്ങളുടെ സ്‌ക്രാപ്പ് മൂല്യം ഷോറൂം വിലയുടെ ആറ് ശതമാനം വരെയായിരിക്കുമെന്നാണ് വിവരം. ഇതിനൊപ്പം വാണിജ്യ വാഹനങ്ങള്‍ക്ക് 25 ശതമാനവും സ്വകാര്യ വാഹനങ്ങള്‍ക്ക് 15 ശതമാനവും റോഡ് നികുതി ഇളവും ഒരുക്കിയേക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.