സ്വന്തം ലേഖകന്‍: ‘ഇന്ത്യ പോലുള്ള ദരിദ്ര രാഷ്ട്രങ്ങളേയല്ല, ധനിക രാഷ്ട്രങ്ങളേയാണ് തങ്ങള്‍ ലക്ഷ്യം വെക്കുന്നത്,’ സ്‌നാപ് ചാറ്റ് ചെയര്‍മാന്റെ പ്രസ്താവന തിരിച്ചടിക്കുന്നു, ഇന്ത്യക്കാരുടെ പൊങ്കാലയെ തുടര്‍ന്ന് സ്‌നാപ് ചാറ്റ് റേറ്റ് കുത്തനെ താഴോട്ട്. സ്‌നാപ് ചാറ്റ് സമ്പന്നരെ ഉദ്ദേശിച്ചുള്ള ആപ്ലിക്കേഷനാണെന്നും ഇന്ത്യയും സ്‌പെയിനും പോലുള്ള ദരിദ്ര രാജ്യങ്ങളിലെ സേവനം വ്യാപിപ്പിക്കുന്നതിനെ കുറിച്ച് കുറിച്ച് ചിന്തിക്കുന്നില്ലെന്നുമാണ് സിഇഒ ഇവാന്‍ സ്പീഗല്‍ പറഞ്ഞത്.
സ്‌നാപ്ചാറ്റ് സിഇഒയുടെ പരാമര്‍ശം പുറത്തുവന്നതോടെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. ട്വിറ്ററില്‍ സ്‌നാപ്ചാറ്റ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത് #BoycottSnapchat എന്ന ഹാഷ്ടാഗും വ്യാപക പ്രചാരം നേടി. പരാമര്‍ശത്തെ തുടര്‍ന്ന് ആപ്ലിക്കേഷന്റെ പേജില്‍ ഇന്ത്യക്കാരുടെ പൊങ്കാല തകര്‍ക്കുകയാണ്. പ്ലേ സ്‌റ്റോറിലെ സ്‌നാപ്ചാറ്റിന്റെ പേജില്‍ ഇന്ത്യക്കാര്‍ കമന്റുകള്‍ കൊണ്ട് നിറച്ചു. സിഇഒയെ അഭിസംബോധന ചെയ്തുകൊണ്ടുള്ള കമന്റുകളില്‍ രൂക്ഷ വിമര്‍ശനമാണ് ഉന്നയിക്കുന്നത്.
ക്യാംപെയ്ന്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെ ആപ്പിന്റെ റേറ്റിംഗ് കൂപ്പുകുത്തി. സ്‌നാപ് ചാറ്റിന്റെ എല്ലാ പതിപ്പുകളുടെയും റേറ്റിംഗ് ഇപ്പോള്‍ ഒന്നര സ്റ്റാര്‍ ആണ്. സ്‌നാപ് ചാറ്റ് മുതലാളിയെ മലയാളത്തില്‍ പച്ചത്തെറി വിളിച്ച് മലയാളികളും പൊങ്കാലയില്‍ മുന്നിലുണ്ട്. 2015 ല്‍ സ്പീഗെല്‍ നടത്തിയ പരാമര്‍ശമാണ് ഇപ്പോള്‍ വിവാദമായത് എന്നതാണ് രസകരം. സ്‌നാപ് ചാറ്റിലെ ഒരു മുന്‍ ജീവനക്കാരന്‍ ‘ഇന്ത്യ പോലുള്ള ദരിദ്ര രാഷ്ട്രങ്ങളേയല്ല, ധനിക രാഷ്ട്രങ്ങളേയാണ് തങ്ങള്‍ ലക്ഷ്യം വെക്കുന്നത്’ എന്ന് കമ്പനി മുതലാളി സ്പീഗല്‍ പറഞ്ഞതായി വെളിപ്പെടുത്തുകയായിരുന്നു.
അതിനിടെ സ്‌നാപ്ചാറ്റ് ആണെന്ന് തെറ്റിദ്ധറിച്ച ഒരുപറ്റം ഇന്ത്യക്കാര്‍, ഇന്തയില്‍ നിന്നും തന്നെയുള്ള ഇ കോമേഴ്‌സ് വെബ്‌സൈറ്റ് ആയ സ്‌നാപ്ഡീലിനെ പൊങ്കാലയിട്ടതും വാര്‍ത്തയായി. തെറ്റിദ്ധാരണയുടെ പേരില്‍ തെറിയും പഴിയും കേള്‍ക്കേണ്ടി വന്നു എങ്കിലും സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും പ്രതീക്ഷിക്കാതെ ട്രെണ്ടിംഗ് ആയികൊണ്ടിരിക്കുകയാണ് ഇപ്പോള്‍ സ്‌നാപ്ഡീല്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല