സ്വന്തം ലേഖകൻ: ഇന്ത്യക്കാരിൽ കോവിഡിനുശേഷം തലവേദന വർധിക്കുന്നതായി പഠനം. ബേയേഴ്സ് കൺസ്യൂമർ ഹെൽത്ത് ഡിവിഷന്റെ നേതൃത്വത്തിൽ ഹൻസ റിസർച്ച് രാജ്യവ്യാപകമായി നടത്തിയ പഠനത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. സാമ്പത്തികതലസ്ഥാനമായി അറിയപ്പെടുന്ന മുംബൈയിലാണ് തലവേദനക്കാർ കൂടുന്നതെന്ന് പഠനറിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ചെന്നൈയും ഡൽഹിയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
കഴിഞ്ഞവർഷം നടത്തിയ പഠനത്തിൽ ഡൽഹിയായിരുന്നു മുന്നിൽ. മുംബൈ രണ്ടാമതും ബെംഗളൂരു മൂന്നാമതുമായിരുന്നു. പ്രധാനമായും മാനസികസമ്മർദമാണ് തലവേദന കൂടാൻ കാരണമാകുന്നതെന്ന് റിപ്പോർട്ട് പറയുന്നു. സാമ്പത്തികപ്രശ്നങ്ങൾ, ജോലിസമ്മർദം, ആരോഗ്യപരമായ പ്രശ്നങ്ങൾ, കുടുംബത്തിലെ അസ്വാരസ്യങ്ങൾ എന്നിവയെല്ലാം ഇതിനു കാരണമാകുന്നുണ്ട്.
തലവേദനയുണ്ടായാൽ അതിനെ നിസ്സാരവത്കരിച്ചു തള്ളരുതെന്നും പ്രശ്നം കണ്ടെത്തി സ്വയം പരിഹരിക്കാൻ ശ്രദ്ധിക്കണമെന്നും ഇതിൽ പറയുന്നു. തലവേദന പലവിധമുണ്ട്. പലകാരണങ്ങൾകൊണ്ടും അതുണ്ടാകാം. മാനസികാരോഗ്യം സംരക്ഷിക്കുന്നതിന് പ്രശ്നം കണ്ടെത്തി പരിഹാരമുണ്ടാക്കണം. മാനസികസമ്മർദംകൊണ്ടുള്ള തലവേദന വലിയനഗരങ്ങളിൽ മാത്രമല്ല, അഹമ്മദാബാദ്, ഭുവനേശ്വർ, മധുര, ഇന്ദോർ തുടങ്ങിയ ചെറുനഗരങ്ങളിലും ഉയരുന്നതായും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
15 സംസ്ഥാനങ്ങളിൽനിന്നുള്ള ചെറുതും വലുതുമായ 20 നഗരങ്ങളിൽ, 22 മുതൽ 45 വയസ്സുവരെയുള്ള 5,310 പേരിലായിരുന്നു പഠനം. സർവേയിൽ പങ്കെടുത്ത 93 ശതമാനം പേരും മാനസികപിരിമുറുക്കത്താലുള്ള തലവേദന കൂടിയതായി അഭിപ്രായപ്പെട്ടു.
കോവിഡിനുശേഷം മാനസികസമ്മർദം കൂടിയിട്ടുണ്ടെന്നും ഇവർ പറയുന്നു. ജോലികളിൽ സൂക്ഷ്മശ്രദ്ധ കേന്ദ്രീകരിക്കുന്നത് വെല്ലുവിളിയാണെന്ന് 40 ശതമാനംപേർ ചൂണ്ടിക്കാട്ടുന്നു. അതേസമയം, ജോലിഭാരം കുറയ്ക്കുകയും ഓഫീസിലെയും കുടുംബത്തിലെയും ഉത്തരവാദിത്വം കുറയ്ക്കുകയും ചെയ്യുന്നത് തലവേദന കുറച്ചുകൊണ്ടുവരാൻ ഉത്തമമായിരിക്കുമെന്ന് 50 ശതമാനം പേർ അഭിപ്രായപ്പെടുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല