1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 9, 2022

സ്വന്തം ലേഖകൻ: രാഷ്ട്രപതി തെരഞ്ഞെടുപ്പ് ജൂലൈ 18ന് നടക്കും. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാറാണ് പ്രഖ്യാപനം നടത്തിയത്. ജൂലൈ 21ന് ഫലപ്രഖ്യാപനവും നടക്കും. രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കാലാവധി ജൂലൈ 24ന് അവസാനിക്കാനിരിക്കെയാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിജ്ഞാപനം ഈ മാസം 15ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കും. ജൂൺ 29 വരെ നാമനിർദേശ പത്രിക നൽകാനാകും. ജൂൺ 30ന് സൂക്ഷ്മ പരിശോധന പൂർത്തിയാകും. പുതുതായി രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 57 പേർക്കും വോട്ട് ചെയ്യാനാകും. അതേസമയം, രാഷ്ട്രീയ പാർട്ടികൾക്ക് വിപ്പ് നൽകാനാകില്ല.

പൂർണമായും കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക. തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന പേന ഉപയോഗിച്ചാണ് വോട്ട് രേഖപ്പെടുത്തേണ്ടത്. അല്ലാത്ത പേന ഉപയോഗിച്ചാൽ വോട്ട് അസാധുവാകും.

ഭരണഘടനയുടെ 62-ാം അനുച്ഛേദത്തിൽ പറയുന്നതു പ്രകാരം നിലവിലെ രാഷ്ട്രപതിയുടെ കാലാവധി പൂർത്തിയാകുന്നതിനുമുൻപ് തന്നെ അടുത്ത രാഷ്ട്രപതിക്കായി തെരഞ്ഞെടുപ്പ് നടക്കണം. ലോക്സഭയിലെയും രാജ്യസഭയിലെയും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും സംസ്ഥാന നിയമസഭകളിലെയും ഡൽഹിയിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും ഉൾപ്പെടുന്ന ഇലക്ടറൽ കോളജ് ആണ് രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത്. രാജ്യസഭാംഗങ്ങളും ലോക്സഭാംഗങ്ങളും നിയമസഭാ സാമാജികരും ഉൾപ്പെടെ ആകെ 4,809 വോട്ടർമാർ അടങ്ങുന്നതാണ് ഇത്തവണത്തെ ഇലക്ടറൽ കോളജ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.