1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 11, 2016

സ്വന്തം ലേഖകന്‍: കാഷ്‌ലെസ് എക്കോണമിക്കായി രണ്ടും കല്‍പ്പിച്ച് ഇന്ത്യ, ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകളും ഇവാലറ്റുകളും ഉപയോഗിക്കുന്നവര്‍ക്കു വന്‍ ഇളവുകള്‍. കാര്‍ഡുകളും വാലറ്റുകളും ഉപയോഗിച്ച് പെട്രോള്‍, ഡീസല്‍ വാങ്ങുന്നവര്‍ക്ക് 0.75 ശതമാനം ഡിസ്‌കൗണ്ട് ഉള്‍പ്പെടെയുള്ള ഇളവുകളാണു കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ഇന്നലെ പ്രഖ്യാപിച്ചത്.

2,000 രൂപാ വരെയുള്ള കാര്‍ഡ് ഇടപാടുകളെ സേവന നികുതിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നോട്ട് അസാധുവാക്കലിനുശേഷമുണ്ടായ പ്രതിസന്ധി മറികടക്കാനുള്ള നടപടികളുടെ ഭാഗമായാണിത്. ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാനായി 11 തീരുമാനങ്ങളാണു കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

സര്‍ക്കാര്‍, പൊതുമേഖലാ എണ്ണക്കമ്പനികളുടെ പമ്പുകളില്‍നിന്ന് ഇവാലറ്റ്, മൊബൈല്‍ വാലറ്റ്, ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് എന്നിവ ഉപയോഗിച്ച് പെട്രോള്‍, ഡീസല്‍ എന്നിവ വാങ്ങുമ്പോള്‍ 0.75 ശതമാനം ഇളവ്. അതായത് നൂറ് രൂപയ്ക്ക് പെട്രോള്‍ അടിച്ചാല്‍ 75 പൈസയുടെ ഇളവ്.
പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളില്‍നിന്ന് ഓണ്‍ലൈനായോ വെബ്‌സൈറ്റ് മുഖേനയോ പുതിയ പോളിസി എടുക്കുന്നവര്‍ക്കും പ്രീമിയം അടയ്ക്കുന്നവര്‍ക്കും ഇളവ് ലഭിക്കും. ജനറല്‍ ഇന്‍ഷുറന്‍സ് പ്രീമിയത്തിന് പത്തു ശതമാനവും ലൈഫ് ഇന്‍ഷുറന്‍സിന് എട്ടു ശതമാനവുമാണ് ഇളവ്.

ട്രെയിന്‍ ടിക്കറ്റുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യുന്നവര്‍ക്ക് 10 ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് പരിരക്ഷ. റെയില്‍വേ കേറ്ററിങ്, വിശ്രമമുറി, താമസസൗകര്യം എന്നിവയില്‍ ഡിജിറ്റലായി പണമടയ്ക്കുന്നവര്‍ക്ക് അഞ്ചു ശതമാനം ഡിസ്‌കൗണ്ട്.
സബര്‍ബന്‍ ട്രെയിനുകളില്‍ സീസണ്‍ ടിക്കറ്റുകള്‍ ഡിജിറ്റല്‍ ഇടപാടിലൂടെ എടുക്കുന്നവര്‍ക്ക് 0.5 ശതമാനം ഇളവ് ലഭിക്കും. 2017 ജനുവരി ഒന്നു മുതില്‍ ഈ ഇളവ് പ്രാബല്യത്തിലാകും.

കിസാന്‍ കാര്‍ഡ് ഉള്ള കര്‍ഷകര്‍ക്ക് നബാര്‍ഡ് റുപേ കാര്‍ഡ് നല്‍കും. രാജ്യത്ത് കിസാന്‍ കാര്‍ഡുള്ള നാലു കോടിയോളം കര്‍ഷകര്‍ക്ക് പ്രയോജനം ലഭിക്കും. െമെക്രോ എ.ടി.എമ്മുകളിലും എടി.എമ്മുകളിലും െസ്വെപ് മെഷീനുകളിലും റുപേ കാര്‍ഡ് ഉപയോഗിച്ച് ഇടപാടുകള്‍ നടത്താം.
സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയുമായുള്ള ഡിജിറ്റല്‍ സാമ്പത്തിക ഇടപാടുകള്‍ സൗജന്യമായിരിക്കും. ഇത്തരം ഇടപാടുകള്‍ക്ക് എം.ഡി.ആര്‍. ചാര്‍ജ് ഉള്‍പ്പെടെയുള്ള ഫീസുകള്‍ ബാധകമായിരിക്കില്ല.

ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് 2000 രൂപാ വരെയുള്ള ഇടപാടുകളെ സേവനനികുതിയില്‍നിന്ന് ഒഴിവാക്കി. ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാനായി പ്രീപെയ്ഡ് വാലറ്റുകളിലെ ബാലന്‍സ് പതിനായിരം രൂപയില്‍നിന്ന് ഇരുപതിനായിരം രൂപയാക്കി വര്‍ധിപ്പിക്കാന്‍ ആര്‍.ബി.ഐ. അനുമതി നല്‍കി. ദേശീയ പാതകളിലെ ടോളുകളില്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് പണം അടച്ചാല്‍ പത്തു ശതമാനം ഡിസ്‌കൗണ്ട്.

പെട്രോള്‍ പമ്പുകളില്‍ ഇളവ് നല്‍കുന്നതിലൂടെ ഡിജിറ്റല്‍ ഇടപാടുകളില്‍ 40 ശതമാനത്തിന്റെ വര്‍ധനയുണ്ടാക്കാമെന്നാണു പ്രതീക്ഷ. നോട്ട് നിരോധനത്തിന്റെ ലക്ഷ്യം ഡിജിറ്റല്‍ ഇടപാടുകളിലേക്കുള്ള മാറ്റമാണ്. നോട്ട്‌രഹിത സമ്പദ്‌വ്യവസ്ഥ ലക്ഷ്യമിട്ടാണു ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകളും ഇവാലറ്റുകളും സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നതെന്നും ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.