സ്വന്തം ലേഖകന്‍: ഇന്ത്യന്‍ റയില്‍വെയുടെ സൗജന്യ വൈഫൈ ജനങ്ങള്‍ മുതലാക്കുന്നത് അശ്ലീല വീഡിയോ കണ്ട്, ഉപയോഗത്തില്‍ മുന്നില്‍ പട്‌ന റയില്‍വേ സ്റ്റേഷന്‍. രാജ്യത്തെ റെയില്‍വേ സ്‌റ്റേഷനുകളില്‍ റയില്‍വേ ഏര്‍പ്പെടുത്തിയ സൗജന്യ വൈ ഫൈ സൗകര്യം ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് പട്‌ന റെയില്‍വേ സ്‌റ്റേഷനിലാണെന്നും ഉപഭോക്താക്കളില്‍ ഏറെയും അശ്ലീല വീഡിയോ കാണാനാണ് ഈ സൗകര്യം ഉപയോഗിക്കുന്നതെന്നും റെയില്‍വേ അധികൃതര്‍ തിങ്കളാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
ചിലര്‍ മൊബൈല്‍ ആപുകളും ബോളിവുഡ്, ഹോളിവുഡ് ചിത്രങ്ങളും ഡൗണ്‍ലോഡ് ചെയ്യാനും ഈ സൗകര്യം ദുരുപയോഗിക്കുന്നുണ്ട്. യുവാക്കള്‍ മണിക്കൂറുകള്‍ സ്‌റ്റേഷനില്‍ തമ്പടിച്ച് സൗജന്യ ഇന്റര്‍നെറ്റ് സൗകര്യം ഉപയോഗിക്കുന്നുണ്ട്. നിലവില്‍ ഒരു ജി.ബി പരിധിയുള്ള വൈഫൈയാണ് പട്‌ന സ്‌റ്റേഷനില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. വേഗത തീരയില്ലാത്തതിനാല്‍ ഇത് പത്ത് ജി.ബിയായി ഉയര്‍ത്താനും അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്.
ജയ്പൂര്‍ സ്‌റ്റേഷനാണ് ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ രണ്ടാമത്. ബംഗലൂരു, ന്യുഡല്‍ഹി എന്നിവയാണ് തൊട്ടുപിന്നില്‍. ബിഹാറില്‍ ആദ്യമായി വൈഫൈ സൗകര്യം ഏര്‍പ്പെടുത്തിയത് പട്‌ന റെയില്‍വേ സ്‌റ്റേഷനിലാണ്. കഴിഞ്ഞ മാസമാണ് ഈ സൗകര്യം ഏര്‍പ്പെടുത്തിയത്. പ്രതിദിനം 200 ല്‍ ഏറെ ട്രെയിനുകള്‍ കടന്നുപോകുന്ന ഈ സ്‌റ്റേഷന്‍ ഏറ്റവും തിരക്കേറിയ സ്‌റ്റേഷനുകളില്‍ ഒന്നാണ്.
പട്‌നയ്ക്ക് പുറമേ ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം, ഝാര്‍ഖണ്ഡിലെ റാഞ്ചി എന്നീ സ്‌റ്റേഷനുകളിലും ഇതോടൊപ്പം വൈഫൈ ആരംഭിച്ചിരുന്നു. നിലവില്‍ 23 സ്‌റ്റേഷനുകളിലാണ് ഈ സൗകര്യമുള്ളത്. ഈ വര്‍ഷം അവസാനത്തോടെ 100 സ്‌റ്റേഷനുകളിലേക്ക് വ്യാപിപ്പിക്കാനും മൂന്നു വര്‍ഷത്തിനുള്ളില്‍ 400 സ്‌റ്റേഷനില്‍ സൗജന്യ വൈഫൈ നല്‍കാനുമാണ് റയില്‍വേയുടെ പദ്ധതി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല