സ്വന്തം ലേഖകന്‍: ചൈനയുടെ വിലക്ക് മറികടന്ന് പാക് തീവ്രവാദ പ്രശ്‌നം ബ്രിക്‌സ് ഉച്ചകോടിയില്‍ ചര്‍ച്ചയാക്കി ഇന്ത്യ, ആകാംക്ഷയുയര്‍ത്തി മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിംഗും തമ്മിലുള്ള കൂടിക്കാഴ്ച. പാക്കിസ്ഥാന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനകളുടെ പേരെടുത്ത് പറഞ്ഞ് ബ്രിക്‌സ് രാജ്യങ്ങള്‍ തീവ്രവാദത്തിനെതിരായ പ്രമേയം പാസാക്കിയത് ഇന്ത്യയ്ക്ക് നയതന്ത്ര വിജയവും ചൈനയ്ക്ക് തിരിച്ചടിയുമായി.
ഭീകര സംഘടനകളായ താലിബാന്‍, ഇസ്ലാമിക് സ്‌റ്റേറ്റ്, അല്‍ഖായിദ, ഹഖാനി ശ്യംഖല, ജയ്‌ഷെ മുഹമ്മദ്, ലഷ്‌കറെ തയിബ എന്നിവയെ ഉച്ചകോടി അപലപിച്ചു. തീവ്രവാദത്തിനെതിരെ ഒന്നിച്ചു പോകാനും ബ്രിക്‌സ് രാജ്യങ്ങള്‍ തീരുമാനമെടുത്തു. ഉച്ചകോടിയിലെ ചര്‍ച്ചയ്ക്കിടയില്‍ തീവ്രവാദത്തിനെതിരെ ചൈനയും ഇന്ത്യന്‍ നിലപാടുകളെ തുണച്ചത് പാക്കിസ്ഥാന് കടുത്ത തിരിച്ചടിയാകുമെന്നാണ് കരുതപ്പെടുന്നത്.
നേരത്തെ അടുത്ത സുഹൃത്തായ പാക്കിസ്ഥാന്‍ കേന്ദ്രീകരിച്ചുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യ ഉച്ചകോടിയില്‍ ഉന്നയിക്കുന്നതിനെതിരെ ചൈന നേരത്തെ എതിര്‍ത്തിരുന്നു. ബ്രിക്‌സ് ഉച്ചകോടിയില്‍ ചൈന, റഷ്യ, ഇന്ത്യ, ദക്ഷിണാഫ്രിക്ക എന്നീ അംഗരാജ്യങ്ങളുടെ രാഷ്ട്രതലവന്മാര്‍ക്കൊപ്പം നിരീക്ഷക രാജ്യങ്ങളായ തായ്‌ലാന്‍ഡ്, മെക്‌സിക്കോ, ഈജിപ്ത്, ഗിനിയ, താജിക്കിസ്ഥാന്‍ എന്നീ രാജ്യ പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്.
രാവിലെ നടന്ന പ്ലീനറി സമ്മേളനത്തില്‍ പങ്കെടുത്ത് മോഡി സംസാരിച്ചതിനുശേഷം രാഷ്ട്രത്തലവന്മാരുടെ യോഗത്തിലാണ് ഭീകരവാദത്തിനെതിരെ ഇന്ത്യ ശബ്ദമുയര്‍ത്തിയത്. മറ്റു രാഷ്ട്രത്തലവന്മാരും മോഡിയുടെ നിര്‍ദേശത്തോട് യോജിച്ചതോടെ പ്രമേയം പാസാവാന്‍ വഴി തുറക്കുകയായിരുന്നു. ഗോവയില്‍ കഴിഞ്ഞ തവണ നടന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ ഭീകര സംഘടനകള്‍ക്കെതിരെ കൂട്ടായ തീരുമാനം എടുപ്പിക്കാന്‍ ഇന്ത്യ നടത്തിയ ശ്രമങ്ങള്‍ക്കു വിലങ്ങുതടിയായത് ചൈനയായിരുന്നു.
തീവ്രവാദത്തിനെതിരെ യോജിച്ചുള്ള പ്രവര്‍ത്തനം വേണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിക്‌സ് യോഗത്തില്‍ ആവശ്യപ്പെട്ടു. ‘ഡീ റാഡിക്കലൈസേഷന്‍’ ഉച്ചകോടിയെന്ന ആശയവും അദ്ദേഹം മുന്നോട്ടുവച്ചു. രാജ്യങ്ങള്‍ കള്ളപ്പണത്തിനും അഴിമതിക്കുമെതിരെ നടപടി സ്വീകരിക്കണമെന്നും മോദി ആവശ്യപ്പെട്ടു. ദാരിദ്ര്യം ഉള്‍പ്പെടെ തുടച്ചുനീക്കുന്നതിന് ബ്രിക്‌സ് കൂട്ടായ്മ ഒരുമിച്ചു നില്‍ക്കണമെന്ന് അദ്ദേഹം പറഞ്ഞു. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തി.
എന്നാല്‍ ഉച്ചകോടിയ്‌ക്കെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ ആകാംക്ഷയോടെ കാത്തിരുന്നത് മോദിയും ചൈനീസ് പ്രസിഡന്റും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കായിരുന്നു. ഇന്ത്യയും ചൈനയും തമ്മില്‍ 73 ദിവസം നീണ്ട അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥയ്ക്ക് പരിഹാരമുണ്ടാക്കിയ ശേഷമാണ് ഇരു നേതാക്കളും തമ്മില്‍ നേരിട്ടു കണ്ടത്. കൂടിക്കാഴ്ചയുടെ വിശദ വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്ന് ഇരു രാജ്യങ്ങളുടേയും പ്രതിനിധികള്‍ അറിയിച്ചു. ചൈനയിലെ ഷിയാെമനില്‍ തുടക്കമായ ഉച്ചകോടിയില്‍ ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ് ബ്രിക്‌സ് രാഷ്ട്രതലവന്മാരെ സ്വീകരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല